പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയാണ് അടി. മെയ്ല്‍ ഈഗോയുടെ പല വശങ്ങളെ അവതരിപ്പിച്ച സിനിമ ജാതി രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയാണ് പോകുന്നത്. ഷൈന്‍ അവതരിപ്പിച്ച സജീവന്‍ നായര്‍ എന്ന നന്ദുവിന് സംഭവിക്കുന്ന ഒരു പ്രശ്‌നമാണ് സിനിമയുടെ പ്രധാന കഥ.
ആ കഥാപാത്രത്തിന് തന്നെ രണ്ട് സ്വഭാവമാണുള്ളത്. നന്ദുവാകുമ്പോള്‍ അയാള്‍ നല്ല മനുഷ്യനാണ്. സമചിത്തതയോടെ ചിന്തിക്കാനും മുന്നോട്ട് പോകാനും അയാള്‍ക്ക് കഴിയും. എന്നാല്‍ അയാള്‍ സജീവന്‍ നായരായി മാറുമ്പോള്‍ അയാളിലേക്ക് വരുന്ന ജാതി ബോധവും ആണ്‍ ബോധവുമൊക്കെ കൃത്യമായി പകര്‍ത്താന്‍ പ്രശോഭ് ശ്രമിക്കുന്നുണ്ട് .ശരിക്കും സജീവന്‍ നായര്‍ പ്രശ്‌നക്കാരനാണ്.
തന്റെ കല്യാണ ദിവസം അപ്രതീക്ഷിതമായി അയാളിലേക്ക് വന്ന് കയറുന്ന പ്രശ്‌നം അയാളെ വല്ലാതെ ബാധിക്കുന്നുണ്ട്. അതിനുശേഷം ഗള്‍ഫിലുള്ള സജീവിന്റെ അളിയന്‍ വിളിക്കുമ്പോള്‍, അയാളെയും അയാള്‍ക്ക് ചുറ്റുമുള്ള മനുഷ്യരെയും മുന്നോട്ട് നയിക്കുന്ന ജാതി ബോധത്തെയും തിരക്കഥാകൃത്ത് അവതരിപ്പിക്കുന്നുണ്ട്. നായന്മാരോടാണോ അവന്റെയൊക്കെ കളി പോലെയുള്ള സംഭാക്ഷണങ്ങളും സിനിമയില്‍ വന്ന് പോകുന്നുണ്ട്.
ഇന്ന് പറയുന്ന പുരോഗമന രാഷ്ട്രീയമൊക്കെ അത്രയൊന്നും ആരിലേക്കും എത്തിയിട്ടില്ല എന്ന കാര്യം കൂടി സംവിധായകനും തിരക്കഥാകൃത്തും പറയാന്‍ ശ്രമിക്കുന്നുണ്ട്. സിനിമയുടെ ആദ്യ ഭാഗത്ത് സജീവന്റെ വീട് കാണിക്കുമ്പോള്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ചുമരിലിരിക്കുന്നത് അവിടെ കാണിക്കുന്നുണ്ട്. ഇത്തരത്തില്‍ സൂക്ഷ്മമായ പല കാര്യങ്ങളിലും സിനിമ ശ്രദ്ധിക്കുന്നുണ്ട്.
മനുഷ്യര്‍ക്കിടയിലെ ജാതി ബോധത്തെ അവതരിപ്പിക്കാനും അടി തെരഞ്ഞെടുക്കുന്നത് നര്‍മമാണ്. ഇത്തരം കാര്യങ്ങളൊക്കെ ചിരിയില്‍ ചാലിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതൊക്കെ ട്രോളായി മാറുകയാണ് ചെയ്യുന്നത്. അത് ഇവിടെയും കാണാന്‍ സാധിക്കും. അത്രയേറെ സൂക്ഷ്മതയോടെ പല രാഷ്ട്രീയമാണ് അടി പറയുന്നത്.