തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യരംഗത്ത് ജാതിഭ്രഷ്ട്ര്. നായര്‍സമുദായത്തേക്കാള്‍ ഉയര്‍ന്ന ജാതിക്കാരല്ലാത്തവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യത്തിന് അവസരമില്ല. ക്ഷേത്രത്തിലെ നിത്യചടങ്ങുകള്‍ക്കായി നിയമിക്കുന്ന അടിയന്തര പ്രവൃത്തിക്കാര്‍ എന്ന പേരില്‍ നിയമിക്കുന്ന വാദ്യവിദഗ്ധരെയാണ് ജാതി നോക്കി തിരഞ്ഞെടുക്കുന്നത്.
ക്ഷേത്രത്തിലെ വിശേഷാവസരങ്ങളിലെ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകയ്ക്കുമെല്ലാം കലാകാരന്‍മാരെ കൊണ്ട് വരുന്നതും ഇത്തരത്തില്‍ ജാതി നോക്കിയാണെന്നും ആരോപണം ഉയരുന്നുണ്ട്. നായര്‍ക്ക് മുകളില്‍ ഉള്ള ജാതിക്കാര്‍ക്ക് മാത്രമേ വാദ്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു എന്നാണ് പറയുന്നത്. ഇതില്‍ തന്നെ മദ്ദളം, കൊമ്പ്, കുഴല്‍, ഇലത്താളം എന്നിവയില്‍ നായന്മാര്‍ക്ക് പങ്കെടുക്കാം.
2014ല്‍ ഇത്തരത്തില്‍ ജാതി പറഞ്ഞ് ഇലത്താളം കലാകാരന്‍ കല്ലൂര്‍ ബാബുവിനെ പഞ്ചവാദ്യത്തില്‍ പങ്കെടുപ്പിക്കാതെ തിരിച്ച് അയച്ചിരുന്നു. അതേ വര്‍ഷം നിരവധി വാദ്യകലാകാരന്‍മാര്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നെന്നും കലാകാരന്‍മാര്‍ പറയുന്നു.
Also Read നിപാ കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയത് ഞങ്ങളോട് ഇത് വേണ്ടായിരുന്നു; പിരിച്ചുവിട്ടാല്‍ സമരമെന്ന് കരാര്‍ത്തൊഴിലാളികള്‍
തുടര്‍ന്ന് വാദ്യകലാസംരക്ഷണ സംഘം സെക്രട്ടറി ഇരിങ്ങപ്പുറം ബാബു വിവരാവകാശം വഴി ദേവസ്വത്തോട് കാരണം ആരാഞ്ഞപ്പോള്‍ ആരെ പങ്കെടുപ്പിക്കണമെന്നത് വാദ്യ സബ്കമ്മിറ്റി തീരുമാനമാണെന്നായിരുന്നു മറുപടി. തീരുമാനത്തിന് രേഖ ആവശ്യപ്പെട്ടപ്പോള്‍ രേഖപ്പെടുത്താറില്ലെന്നും മറുപടി നല്‍കി. അതേസമയം വാദ്യത്തിന് ആളുകളെ നിയമിക്കുമ്പോള്‍ സാമുദായിക പരിഗണന വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് മറുപടിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2015ല്‍ വാദ്യകലാസംരക്ഷണ സംഘം പ്രസിഡന്റ് പൂങ്ങാട് മാധവന്‍ നമ്പൂതിരിയും സെക്രട്ടറി ഇരിങ്ങപ്പുറം ബാബുവും വീണ്ടും അപേക്ഷ നല്‍കിയപ്പോഴും ദേവസ്വം മൗനം തുടരുകയായിരുന്നു. 1987ല്‍ ഭൂമാനന്ദ തീര്‍ഥയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് പട്ടിക ജാതിക്കാര്‍ക്ക് ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് ഒരു ദിവസം അനുമതി ലഭിച്ചതിന്റെ രജത ജൂബിലിയുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി നല്‍കണമെന്ന് വ്യാസ ക്ഷേത്ര കലാസമിതി പ്രസിഡന്റ് ടി.എ. കുഞ്ഞനും സെക്രട്ടറി കെ.എ. സുബ്രഹ്മണ്യനും നല്‍കിയ അപേക്ഷയും ദേവസ്വം ഇത്തരത്തില്‍ അവഗണിച്ചു.
അതേസമയം ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എന്നായിരുന്നു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞത്.
DoolNews Video