| Sunday, 1st August 2021, 10:53 am

വൈക്കം ദേവസ്വം ക്ഷേത്രത്തില്‍ ഈഴവ മേല്‍ശാന്തിക്ക് നേരെ ജാതി അധിക്ഷേപവും ഭീഷണിയും; മുന്‍ ബ്രാഹ്മണ മേല്‍ശാന്തി ചുമതല കൈമാറിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ക്ഷേത്രത്തില്‍ ചുമതലയേറ്റ ഈഴവ മേല്‍ശാന്തിക്കെതിരെ ജാതി അധിക്ഷേപം. ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ മുന്നില്‍ വെച്ച് ക്ഷേത്ര കലാപീഠം അധ്യാപകന്‍ മേല്‍ശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണന്‍ കോവിലില്‍ മേല്‍ശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേല്‍ ഉണ്ണി പൊന്നപ്പന് നേരെയാണ് അധിക്ഷേപം ഉണ്ടായത്. ക്ഷേത്രത്തില്‍ നേരത്തേ പൂജ ചെയ്തിരുന്ന ബ്രാഹ്മണ പൂജാരി ഉണ്ണി പൊന്നപ്പന് ചുമതല കൈമാറാതെ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.

മുന്‍പ് ടി.വിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പന്‍ ദേവസ്വം ബോര്‍ഡിലെ പൊതു സ്ഥലം മാറ്റത്തിലാണ് കൃഷ്ണന്‍ കോവിലിലേക്ക് മാറിയത്.

പഴയ മേല്‍ശാന്തി അവധിയില്‍ പോയതോടെ മഹാദേവ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എത്തി പകരക്കാരനായി വന്ന ശാന്തിയില്‍ നിന്ന് ശ്രീകോവിലിന്റെ താക്കോല്‍ വാങ്ങി ഉണ്ണി പൊന്നപ്പന് നല്‍കുകയായിരുന്നു. പഴയ മേല്‍ശാന്തി തിരുവാഭരണവും ഉണ്ണി പൊന്നപ്പന് കൈമാറിയിരുന്നില്ല.

ജൂലൈ 30നാണ് ഉണ്ണി പൊന്നപ്പന്‍ പൂജ തുടങ്ങിയത്. അന്ന് വൈകീട്ട് തന്നെ ഉണ്ണി പൊന്നപ്പന് നേരെ അധ്യാപകന്റെ അധിക്ഷേപമുണ്ടായി. ക്ഷേത്രത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയാണ് അധ്യാപകന്‍ മടങ്ങിയത്.

തുടര്‍ന്ന് ഉണ്ണി പൊന്നപ്പന്‍ ദേവസ്വം ബാര്‍ഡിനും പൊലീസിനും പരാതി നല്‍കുകയായിരുന്നു. ഇവിടെ ബ്രാഹ്മണന്‍ മാത്രം പൂജ ചെയ്താല്‍ മതിയെന്നും ഈഴവനായ നിന്നെ പൂജ ചെയ്യാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണിയെന്ന് ഉണ്ണി പൊന്നപ്പന്‍ പറഞ്ഞു.

ഉണ്ണി പൊന്നപ്പന് നേരെയുള്ള ജാതി അധിക്ഷേപത്തില്‍ എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡണ്ട് പി.വി ബിനേഷ് പ്രതിഷേധിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Cast discrimination in Aluva temple

We use cookies to give you the best possible experience. Learn more