ജാതി സെന്‍സസ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്; ഞങ്ങള്‍ സ്വന്തം നിലയില്‍ അതുമായി മുന്നോട്ട് പോവുകയാണ്: നിതീഷ് കുമാര്‍
national news
ജാതി സെന്‍സസ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്; ഞങ്ങള്‍ സ്വന്തം നിലയില്‍ അതുമായി മുന്നോട്ട് പോവുകയാണ്: നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 6:20 pm

പാട്‌ന: രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. ജാതി സെന്‍സസ് നടത്തുന്നത് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതിന് ജാതി സെന്‍സസ് സഹായകരമാകുമെന്നും നിതീഷ് പറഞ്ഞു.

‘തുടക്കം മുതലേ ജാതി സെന്‍സസിന് അനുകൂലമാണ് ഞങ്ങള്‍. കേന്ദ്ര ഗവണ്‍മെന്റ് ഈ ആവശ്യം നിഷേധിച്ചപ്പോള്‍ ഞങ്ങള്‍ സ്വന്തം നിലയില്‍ ജാതി സെന്‍സസുമായി മുന്നോട്ട് പോയി. അതിപ്പോള്‍ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഇതിലൂടെ സര്‍ക്കാരുകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയും, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും സാധിക്കും,’ നിതീഷ് പറഞ്ഞു.

ഒരു മാസം നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ട ജാതി സെന്‍സസ് ബീഹാറില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയാണ് സെന്‍സസ് നടക്കുക.

ബീഹാറിലെ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ അംഗമായ കോണ്‍ഗ്രസും കഴിഞ്ഞ ദിവസം ജാതി സെന്‍സസിനായി വാദിച്ച് രംഗത്തെത്തിയിരുന്നു. കൃത്യമായ ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ജാതി സെന്‍സസ് സംബന്ധമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ സാമൂഹ്യശാക്തീകരണ പദ്ധതികളോ സാമൂഹ്യനീതിയോ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാന ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരുന്നു.

2012ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടത്തിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാണ് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത്. ഒ.ബി.സി വിഭാഗത്തോട് വലിയ മമത പുലര്‍ത്തുന്ന മോദി എന്തുകൊണ്ടാണ് ജാതി സെന്‍സസ് റിപ്പോര്‍ട്ട് മൂടി വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിട്ടാല്‍ മാത്രമേ നീതിയുക്തമായി ഭരണ സംവിധാനത്തില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കാനാകൂ എന്നും ഒ.ബി.സിക്കാര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടറിമാരില്‍ കേവലം ഏഴ് ശതമാനം മാത്രമാണ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്ളതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlights:Cast census would be beneficial for all sections of the society: Nitish kumar