ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8ന് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഭൗതിക പണമിടപാട് കുറച്ച് രാജ്യത്തെ ക്യാഷ്‌ലെസ് എക്കണോമിയാക്കി മാറ്റുമെന്നത്. അന്ന് കമ്പോളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പിന്‍വലിക്കപ്പെട്ടത്.
എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ഭൗതിക പണമിടപാട് നോട്ടു നിരോധനത്തിന് മുമ്പുള്ളതിനെക്കാള്‍ 9.5 ശതമാനം വര്‍ധിച്ചതായി ആര്‍.ബി.ഐയുടെ കണക്കുകള്‍ പറയുന്നു. 2016 നവംബര്‍ 4ന് 17.9 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സിയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ 2018 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം അത് 19.6 ലക്ഷം കോടിയായി വര്‍ധിച്ചു.
പണം ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ തോത് മുമ്പുള്ളതിനെക്കാള്‍ 8 ശതമാനം വര്‍ധിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ആര്‍.ബി.ഐ ഡാറ്റ പ്രകാരം 2016 ഒക്ടോബറില്‍ എ.ടി.എമ്മുകളില്‍ നിന്നും 2.54 ലക്ഷം കോടി രൂപ പണം പിന്‍വലിച്ചത് 2018 ആഗസ്തില്‍ 2.75 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.
അതേ സമയം മൊബൈലിലൂടെയുള്ള പണമിടപാട് വര്‍ദ്ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2016 ഒക്ടോബറില്‍ 1.13 ലക്ഷം കോടി രൂപയുടെ മൊബൈല്‍ പണമിടപാട് 2018 ആഗസ്‌തോടെ 2.06 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.
Also Read ബന്ധു നിയമന വിവാദം: ഒഴിവാക്കപ്പെട്ടവരുടെ യോഗ്യതകള്‍ പുറത്ത്; വെട്ടിലായി മന്ത്രി ജലീല്‍
നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ നിരവധി ആഖ്യാനങ്ങളാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. കള്ളപ്പണം ഇല്ലാതാക്കാനായിരുന്നു നോട്ടുനിരോധനം എന്നായിരുന്നു പ്രബലമായ ഒരു വാദം. എന്നാല്‍ പിന്‍വലിച്ച 99.35 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ അത് ശരിയല്ലെന്നു തെളിഞ്ഞു.
നോട്ടുനിരോധനം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍.ബി.ഐയുടെ പരമാധികാരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.