തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധ ക്യാംപെയ്‌നുമായി സോഷ്യല്‍ മീഡിയ. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കൊവിഡ് വാക്‌സിന് ഡോസിന് കേരളത്തിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊണ്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചത്.
നിരവധി പേരാണ് ഇതിനോടകം ഈ ക്യംപെയിനിന്റെ ഭാഗമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വാക്സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തു. ക്യംപെയ്ന്‍ ആരംഭിക്കുന്നതിന് മുമ്പായി ഒരു ലക്ഷം രൂപയ്ക്കടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നത്.
ഇതിനോടകം 7.28 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം.
നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയര്‍ന്നേക്കാം.
അതേസമയം കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്സിന്‍ വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് കൊടുത്തെങ്കിലും കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി തന്നെ വാക്സിനേഷന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ഇതിനിടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന് 400 രൂപ നല്‍കണം. സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു ഡോസിന് 600 രൂപയും നല്‍കണം. നേരത്തെ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കിയ വാക്‌സിനാണ് കോവിഷീല്‍ഡ്.
കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ നല്‍കും. പുതിയ വാക്സിന്‍ പോളിസി അനുസരിച്ച് വാക്സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.
ഇതിന് പിന്നാലെ കൊവിഡ് വാക്‌സിന്‍ കേന്ദ്രം അയക്കുന്നത് കാത്ത് സംസ്ഥാനങ്ങള്‍ നില്‍ക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക