ബെംഗളൂരു: കര്‍ണാടകയില്‍ അന്ന ഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവരില്‍ അഞ്ച് കിലോഗ്രാം അരിക്ക് പകരം പണം നല്‍കുന്ന പദ്ധതിക്ക് തുടക്കം. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) പദ്ധതി തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പിലെ ഒരു വാഗ്ദാനം കൂടി പാലിക്കുകയാണ് കോണ്‍ഗ്രസ്.
ഇന്ന് വൈകുന്നേരം ആറ് മണിക്കായിരുന്നു വിധാൻ സൗധയില്‍ വെച്ച് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. ഭക്ഷ്യവകുപ്പ് മന്ത്രി കെ.എച്ച്.മുനിയപ്പ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അന്ത്യോദയ വിഭാഗത്തിലും ബി.പി.എല്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം അരിക്ക് പകരമായി 34 രൂപ നിരക്കില്‍ പണം നല്‍കാനാണ് ഈ പദ്ധതിയിലൂടെ തീരുമാനിച്ചിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അന്ത്യോദയ അന്ന യോജനയിലും മുന്‍ഗണനാ വിഭാഗത്തിലും ഉള്‍പ്പെടുന്ന 1.28 കോടി റേഷന്‍ കാര്‍ഡുകളാണ് കര്‍ണാടകയിലുള്ളതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതില്‍ 99 ശതമാനം കാര്‍ഡുകളും ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിരിക്കുന്നുണ്ട്. ഇതില്‍ 86 ശതമാനം (1.06 കോടി) പേര്‍ ഈ കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവരുടെ അക്കൗണ്ടിലേക്ക് പണം ഉടന്‍ കൈമാറ്റം ചെയ്യുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. ബാക്കിയുള്ളവരോട് അക്കൗണ്ട് തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റേഷന്‍ കാര്‍ഡിന്റെ ഉടമ ആരാണോ അവരുടെ അക്കൗണ്ടിലേക്കായിരിക്കും പണമെത്തിച്ചേരുക. 94 ശതമാനം കാര്‍ഡിലും സ്ത്രീകളും അഞ്ച് ശതമാനം കാര്‍ഡില്‍ പുരുഷന്മാരുമാണ് ഗൃഹനാഥന്റെ സ്ഥാനത്തുള്ളത്.
നേരത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍പ്പെട്ട ശക്തി പദ്ധതിയും ഗൃഹജ്യോതി പദ്ധതിയും കര്‍ണാടക സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാനുള്ള പദ്ധതിയാണിത്. വീടുകളില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയാണ് ഗൃഹജ്യോതി.