| Wednesday, 5th December 2012, 12:50 am

സബ്‌സിഡിക്ക് പകരം പണം; ഗുജറാത്തിലും ഹിമാചലിലും പദ്ധതി നടപ്പാക്കുന്നത് തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചലിലും സബ്‌സിഡിക്ക് പകരം പണം നേരിട്ട് ബാങ്കുകളിലൂടെ നല്‍കാനുള്ള കേന്ദ്ര പദ്ധതി നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലിരിക്കെ ഈ പദ്ധതി പ്രഖ്യാപിച്ചതില്‍ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.[]

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം മറുപടി പരിഗണിച്ച ശേഷമാണ് പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയത്.

ഗുജറാത്തിലെ നാല് ജില്ലകളിലും ഹിമാചലിലെ രണ്ട് ജില്ലകളിലും പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ച എല്ലാനടപടികളും നിര്‍ത്തിവെക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും മുമ്പ് കൂടുതല്‍ നടപടികളെടുക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ പ്രഖ്യാപനം നടത്തുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ മറുപടിയില്‍ മൗനംപാലിക്കുന്നുവെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള തുല്യഅവസരത്തെ ഈ പ്രഖ്യാപനം ബാധിക്കുമോ എന്നും പരിശോധിക്കണം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നാള്‍വഴി പരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം ഒഴിവാക്കാമായിരുന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തി.

പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്ന 16 സംസ്ഥാനങ്ങളിലെ 51 ജില്ലകളില്‍ നാലെണ്ണം ഗുജറാത്തിലും രണ്ടെണ്ണം ഹിമാചലിലുമാണ്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് നിരക്കുന്നതല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

എ.ഐ.സി.സി. ഓഫീസില്‍വെച്ച് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതിനെതിരെ ബി.ജെ.പിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയറിയിച്ച കമ്മീഷന്‍ കഴിഞ്ഞദിവസം ക്യാബിനറ്റ് സെക്രട്ടറിയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more