ന്യൂദല്‍ഹി: മുസ്‌ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും വിശാല ബെഞ്ചിനു വിട്ട് സുപ്രീംകോടതി. ശബരിമല പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിലേക്കു വിട്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം ഖന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭൂരിപക്ഷ വിധി വന്നത്.
സ്ത്രീകള്‍ മുസ്‌ലിം പള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതും സമാനമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. അടുത്തിടെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചിരുന്നു.
അന്നുതന്നെ ഇക്കാര്യവും ശബരിമലയിലെ പുനഃപരിശോധനയ്‌ക്കൊപ്പം പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എസ്.എ ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്.
2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു. മിശ്ര വിരമിച്ചതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ബെഞ്ചിലെ പുതുമുഖം.
എല്ലാം അയ്യപ്പന്റെ ഹിതമാണെന്നും അയ്യപ്പന്റെ ഹിതമനുസരിച്ചേ കാര്യങ്ങള്‍ നടക്കൂവെന്നാണ് ശബരിമലയിലെ നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി പ്രതികരിച്ചത്. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.