തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയോടെ ഐ.പി.സി 377 വകുപ്പുചുമത്തി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഇരുനൂറോളം കേസുകള്‍ റദ്ദാവും.
ഇതില്‍ പകുതിയിലേറെ വരുന്ന കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പോക്‌സോ കേസുകള്‍ നിലനില്‍ക്കുമെന്നും ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
ഐ.പി.സി 377 വകുപ്പു പ്രകാരം ചുമത്തിയ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകള്‍ നിലനില്‍ക്കുമെങ്കിലും സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേസ് നടത്തിപ്പുമായി മുന്നോട്ടുപോകാനാകുമോ എന്ന് പരിശോധിക്കും.
സുപ്രീംകോടതി വിധിപ്പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും വിധിക്ക് മുന്‍കാല പ്രാബല്യമില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് നിയമവിദഗ്ദരുമായി ആലോചിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. സ്വര്‍ഗലൈംഗികത കുറ്റകൃത്യമാക്കുന്ന 377 വകുപ്പ് പ്രകാരം ജീവപര്യന്തം വരെയായിരുന്നു ശിക്ഷ.