ഇപ്പോഴല്ലെങ്കില്‍ പിന്നീടത് സാധ്യമാകില്ലെന്ന് എനിക്കറിയാമായിരുന്നു: ക്ലബ് ട്രാന്‍സ്ഫറിനെ കുറിച്ച് കാസെമിറോ
Football
ഇപ്പോഴല്ലെങ്കില്‍ പിന്നീടത് സാധ്യമാകില്ലെന്ന് എനിക്കറിയാമായിരുന്നു: ക്ലബ് ട്രാന്‍സ്ഫറിനെ കുറിച്ച് കാസെമിറോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 4:52 pm

റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള കാരണം വെളിപ്പെടുത്തി ബ്രസീല്‍ സൂപ്പര്‍താരം കാസെമിറോ. തനിക്ക് മികച്ച നിലയില്‍ കളിക്കാനാകുന്ന പ്രായത്തില്‍ ക്ലബ്ബ് മാറാന്‍ അവസരം ലഭിച്ചപ്പോള്‍ ചെയ്തതാണെന്നും അല്ലായിരുന്നെങ്കില്‍ റയല്‍ മാഡ്രിഡ് പോലൊരു ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കില്ലായിരുന്നെന്നും കാസെമിറോ പറഞ്ഞു.

‘എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുന്ന പ്രായത്തില്‍ തന്നെ ഒരു വലിയ ക്ലബ്ബില്‍ നിന്ന് മറ്റൊരു വലിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള അവസരമായിരുന്നു അത്. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞായിരുന്നെങ്കില്‍ ഞാന്‍ റയല്‍ മാഡ്രിഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് പോകില്ലായിരുന്നു. റയല്‍ മാഡ്രിഡ് വിട്ട് മറ്റൊരു വലിയ ക്ലബ്ബിലേക്ക് പോകണമെന്നോ ലീഗുകള്‍ മാറ്റണമെന്നോ ഉള്ള ആഗ്രഹം എനിക്കുണ്ടായിരുന്നില്ല,’ കാസെമിറോ പറഞ്ഞു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെത്തിച്ചത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്. ക്ലബ്ബിലെത്തിയതിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചിരുന്നു. യുണൈറ്റഡിനായി മികച്ച ഫോമില്‍ തുടരുന്ന കാസെമിറോയെ പ്രശംസിച്ച് ടെന്‍ ഹാഗ് രംഗത്തെത്തിയിരുന്നു.

‘കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ നല്ല ക്യാരക്ടറും വ്യക്തിത്വവുമുള്ള താരങ്ങളെയാണ് ഞങ്ങള്‍ അന്വേഷിച്ചിരുന്നത്. മികച്ച ടെക്‌നിക്കല്‍ സ്‌കില്ലും വേഗത്തില്‍ ഓടാനും സാധിക്കുന്ന നിരവധി താരങ്ങള്‍ ഈ ലോകത്തുണ്ട്. അതില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള താരത്തെയായിരുന്നു ഞങ്ങള്‍ക്കാവശ്യം.

കാസെമിറോ മികച്ച ലീഡറാണ്, അതുകൊണ്ട് തന്നെ അദ്ദേഹം ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട താരമാണ്. കളിയില്‍ അവന്‍ കാഴ്ചവെക്കുന്ന പ്രകടനമോ കഴിവുകളോ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതോ മാത്രമല്ല, അതിനെക്കാളുപരി അവന്റെ സംഘാടനവും, മെന്റാലിറ്റിയും കള്‍ച്ചറുമെല്ലാം പ്രശംസനീയമാണ്. അവനെ സൈന്‍ ചെയ്യിച്ചതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,’ ടെന്‍ ഹാഗ് പറഞ്ഞു.

Content Highlights: Casemiro reveals the reason behind he left Real Madrid