ഫുട്ബോളിനെ സ്നേഹിക്കുന്നവർ അവനെയും സ്നേഹിക്കണം: പ്രസ്താവനയുമായി കാസിമിറോ
Football
ഫുട്ബോളിനെ സ്നേഹിക്കുന്നവർ അവനെയും സ്നേഹിക്കണം: പ്രസ്താവനയുമായി കാസിമിറോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 8:41 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം കാസിമിറോ. മെസി ഫുട്ബോളില്‍ ഒരു യുഗമാണ് സൃഷ്ടിച്ചതെന്നും ഫുട്ബാളിനെ സ്‌നേഹിക്കുന്നവര്‍ മെസിയെയും സ്‌നേഹിക്കുമെന്നാണ് കാസിമിറോ പറഞ്ഞത്. ബ്രസീലിലെ മാധ്യമ പ്രവര്‍ത്തകനായ ലൂയിസ് ഫിലിപ്പ് കാസ്ട്രോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്രസീലിയന്‍.

‘മെസി ഫുട്‌ബോളില്‍ ഒരു യുഗം സൃഷ്ടിച്ചു, ബാഴ്സലോണക്കായും അര്‍ജന്റീനക്കും അദ്ദേഹം എപ്പോഴും മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർ മെസിയേയും സ്‌നേഹിക്കും. അദ്ദേഹത്തിനെതിരെ കളിക്കുന്നത് സന്തോഷകരമായിരുന്നു,’ കാസിമിറോ പറഞ്ഞു.

ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 20 മത്സരങ്ങളിലാണ് മെസിയും കാസിമിറായും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ എട്ട് മത്സരങ്ങള്‍ വീതം ഇരുവരും വിജയിക്കുകയായിരുന്നു. നാല് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്.

ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 30 മത്സരങ്ങളില്‍ നിന്നും 19 വിജയവും ഏഴ് സമനിലയും നാല് തോല്‍വിയുമടക്കം 64 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. സെപ്റ്റംബര്‍ 29ന് ഷാര്‍ലറ്റിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ചേസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

അര്‍ജന്റീന ടീമിന് വേണ്ടിയും ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. .

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

 

Content Highlight: Casemiro Praises Lionel Messi