അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ച് ബ്രസീല്‍ സൂപ്പര്‍താരം കാസെമിറോ. മെസി ഫുട്‌ബോളില്‍ ഒരു യുഗം തന്നെ സൃഷ്ടിച്ചെന്നും അദ്ദേഹത്തിനെതിരെ കളിക്കാനായത് വലിയ സന്തോഷമുള്ള കാര്യമാണെന്നും കാസെമിറോ പറഞ്ഞു. അടുത്തിടെ കാസെമിറോ നല്‍കിയ ഒരഭിമുഖത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മെസി ഒരു യുഗം ധന്യമാക്കി. അദ്ദേഹം എല്ലായിപ്പോഴും ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും പോരാളിയായിരുന്നു. ഫുട്‌ബോള്‍ പ്രേമികളെല്ലാം മെസിയെയും ഇഷ്ടപ്പെടും. അദ്ദേഹത്തിനെതിരെ കളിക്കാനായത് വളരെ സന്തോഷം നല്‍കിയ കാര്യമാണ്,’ കാസെമിറോ പറഞ്ഞു.
2016ല്‍ ക്യാമ്പ് നൗവില്‍ നടന്ന ലീഗ് മാച്ചിലാണ് മെസിയും കാസെമിറോയും ആദ്യമായി കൊമ്പുകോര്‍ക്കുന്നത്. അന്നത്തെ മത്സരത്തില്‍ ലോസ് ബ്ലാങ്കോസ് ജയിക്കുകയും കാസെമിറോ ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറില്‍ ഒരാളായി പേരെടുക്കുകയും ചെയ്തിരുന്നു.
അതേസമയം, 2022 ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ തോല്‍വി വഴങ്ങിയതിന് ശേഷം ബാക്കി മാച്ചുകള്‍ കണ്ടില്ലെന്നും ഒരു മാസത്തേക്ക് ടെലിവിഷന്‍ ഓണ്‍ ചെയ്യുക പോലുമുണ്ടായിട്ടില്ലെന്നും കാസെമിറോ പറഞ്ഞു.
‘സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങളുടെ തോല്‍വിക്ക് ശേഷം ഞാന്‍ ലോകകപ്പ് മാച്ച് കണ്ടിട്ടില്ല. എനിക്ക് തോന്നുന്നു അത് കഴിഞ്ഞ് ഒരു മാസം ഞാന്‍ ഫുട്‌ബോള്‍ മാച്ചുകള്‍ ഒന്നും തന്നെ കണ്ടിട്ടില്ല. ഞാന്‍ ടി.വി ഓണ്‍ ചെയ്യുക പോലുമുണ്ടായിരുന്നില്ല. അത് വളരെ വേദനാ ജനകമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
അര്‍ജന്റീന ഫൈനല്‍ കളിക്കുന്നത് കണ്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ലിസാന്‍ഡ്രോ ലോക ചാമ്പ്യനായതില്‍ സന്തോഷമുണ്ടെന്നും കാസെമിറോ കൂട്ടിച്ചേര്‍ത്തു. തന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതിന് യോഗ്യരാണെങ്കില്‍ അത് ലിസാന്‍ഡ്രോയാണെന്നും കാസെമിറോ പറഞ്ഞു.
ദേശീയ ഫുട്‌ബോളിന് പുറമെ ക്ലബ്ബ് തലത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാസെമിറോയെ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്. ക്ലബ്ബിലെത്തിയതിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചിരുന്നു. യുണൈറ്റഡിനായി മികച്ച ഫോമില്‍ തുടരുന്ന കാസെമിറോയെ പ്രശംസിച്ച് ടെന്‍ ഹാഗ് രംഗത്തെത്തിയിരുന്നു.