ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളെന്ന് പ്രകടനം കൊണ്ട് അടയാളപ്പെടുത്തിയ താരമാണ് ലയണല്‍ മെസി. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം 46 ട്രോഫികളും തന്റെ കരിയറില്‍ സ്വന്തമാക്കി.
അര്‍ജന്റീനയെ അവരുടെ മൂന്നാമത് ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതും ഒന്നുമല്ലാതിരുന്ന ഇന്റര്‍ മയാമിയെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് ജേതാക്കളാക്കിയതും മെസിയുടെ കരിയറിലെ സുവര്‍ണ നേട്ടങ്ങളില്‍ ചിലതാണ്.
ഇപ്പോള്‍ മെസിയെ പ്രകീര്‍ത്തിക്കുകയാണ് ചിരവൈരികളില്‍ പ്രധാനിയും ബ്രസീലിയന്‍ സൂപ്പര്‍ താരവുമായ കാസെമിറോ. അര്‍ജന്റീനക്ക് വേണ്ടി കളിക്കുമ്പോഴും ബാഴ്‌സക്കായി കളിക്കുമ്പോഴും കാസെമിറോ മെസിയുമായി ഏറ്റുമുട്ടിയിരുന്നു. കാനറികള്‍ക്കൊപ്പവും ലോസ് ബ്ലാങ്കോസിനൊപ്പവും മെസിയോട് തോറ്റും തോല്‍പിച്ചും കാസെമിറോയും കരിയറിനെ മികച്ചതാക്കി.
ഫുട്‌ബോള്‍ എന്ന ഗെയിം ഇഷ്ടപ്പെടുന്നവര്‍ ഉറപ്പായും മെസിയെയും ഇഷ്‌പ്പെടുമെന്നാണ് കാസെമിറോ പറഞ്ഞത്. ബ്രസീലിയന്‍ കായികമാധ്യമമായ പ്ലേസറിന് നല്‍കിയ അഭിമുഖത്തിലാണ് കാസെമിറോ മെസിയെ പുകഴ്ത്തിയത്.
‘ലയണല്‍ മെസി ഫുട്‌ബോളില്‍ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. അതൊരിക്കലും ആര്‍ക്കും തന്നെ നിഷേധിക്കാന്‍ സാധിക്കില്ല. അവന്‍ എല്ലായ്‌പ്പോഴും ഒരു മികച്ച എതിരാളിയായിരുന്നു, ബാഴ്‌സലോണക്കൊപ്പവും അര്‍ജന്റീനക്കൊപ്പവും, അത് മറികടക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല.
പക്ഷേ, ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അവനെയും ഇഷ്ടമാകും. അവനെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷം നല്‍കുന്നതായിരുന്നു. അവനെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല, അവന്റെ നേട്ടത്തെ പ്രശംസിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല,’ താരം പറഞ്ഞു.
ബ്രസീല്‍ ഇതിഹാസ താരം റൊമാരിയോയും മുമ്പ് ഒരു അഭിമുഖത്തില്‍ മെസിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഗോട്ട് ഡിബേറ്റില്‍ തന്റെ പ്രിയ താരത്തെ തെരഞ്ഞെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെസി മികച്ച ടെക്‌നിക്കല്‍ താരമാണെന്ന് അഭിപ്രായപ്പെട്ട റൊമാരിയോ റൊണാള്‍ഡോയുടെ പ്രകടനത്തെ കുറിച്ചും വിശദമായി സംസാരിച്ചു. ബ്രസീല്‍ മാധ്യമമായ ടോര്‍സെഡോറെസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ക്രിസ്റ്റ്യാനോ കളിക്കളത്തില്‍ ഏറെ ശ്രദ്ധാലുവായ താരമാണ്. റൊണാള്‍ഡോ വളരെ മികച്ച, കഴിവുറ്റ താരം തന്നെയാണ്. ഒരിക്കലും നിഷേധിക്കാന്‍ സാധിക്കത്ത വസ്തുതയാണിത്. മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ വല്ലാത്ത അഭിനിവേശമാണ് അയാള്‍ക്കുള്ളത്.
പരിശീലനം നടത്തരുത് എന്നാവശ്യപ്പെടുന്ന സമയത്ത് പോലും അവന്‍ കഠിനമായി പരിശ്രമിക്കുന്നു എന്നാണ് അവനൊപ്പമുള്ള ആളുകള്‍ പറയാറുള്ളത്. അവന്റെ വളര്‍ച്ചയുടെയും നേട്ടങ്ങളുടെയുമെല്ലാം കാരണം ഇതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവന്‍ അത് അര്‍ഹിക്കുന്നുണ്ട്, അതിനായി കഠിന പരിശ്രമം നടത്തുന്നുമുണ്ട്,’ റൊമാരിയോ പറഞ്ഞു.
എന്നാല്‍ മെസിയോ റൊണാള്‍ഡോയോ എന്ന ചോദ്യത്തിന് മെസി എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
‘മെസിയോ റൊണാള്‍ഡോയോ? ഉറപ്പായും മെസി. അവന്‍ കൂടുതല്‍ ബ്രില്യന്റാണ്, കൂടുതല്‍ മികച്ച ടെക്‌നിക്കല്‍ പ്ലെയറാണ്. മെസിയുടെ മത്സരങ്ങള്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാളാണ്, സംശയം വേണ്ട,’ റൊമാരിയോ കൂട്ടിച്ചേര്‍ത്തു.
Content highlight: Casemiro praises Lionel Messi