വിനീഷ്യസ് റയല്‍ മാഡ്രിഡ് വിടുമ്പോഴും അത്ഭുതം തോന്നില്ല: ബ്രസീല്‍ സൂപ്പര്‍താരം
Football
വിനീഷ്യസ് റയല്‍ മാഡ്രിഡ് വിടുമ്പോഴും അത്ഭുതം തോന്നില്ല: ബ്രസീല്‍ സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th June 2023, 10:15 pm

ലാ ലിഗയില്‍ നടന്ന മത്സരത്തിനിടെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. റയല്‍ മാഡ്രിഡ്-വലന്‍സിയ മത്സരത്തിനിടെയായിരുന്നു സംഭവം.

വിനീഷ്യസ് മരിക്കട്ടെയെന്ന് ചാന്റ് ചെയ്ത വലന്‍സിയ ആരാധകര്‍ അദ്ദേഹത്തെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രകോപനംകൊണ്ട വിനി കളത്തില്‍ വെച്ച് തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്രസീല്‍ ദേശീയ ടീമിലെ വിനീഷ്യസിന്റെ സഹതാരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ സ്ട്രൈക്കറുമായ കാസെമിറോ. വിനീഷ്യസ് റയല്‍ മാഡ്രിഡ് വിടുകയാണെന്ന് പറഞ്ഞാലും താന്‍ അതിശയിക്കില്ലെന്നും ഇതാദ്യമായല്ല അദ്ദേഹത്തിനെതിരെ വംശീയാധിക്ഷേപമുണ്ടാകുന്നതെന്നും കാസെമിറോ പറഞ്ഞു. ടി.എന്‍.ടി.എസിനോടാണ് കാസെമിറോ ഇക്കാര്യം പങ്കുവെച്ചത്.

‘ഇപ്പോഴും അത്തരത്തിലുള്ള ആളുകള്‍ ഉണ്ടെന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഇതാദ്യമായല്ല വിനീഷ്യസ് ഇത്തരത്തിലൊരു പരാതി ഉന്നയിക്കുന്നത്. പലതവണ അവന് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലാ ലിഗ ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, ഇക്കാരണം കൊണ്ട് അവര്‍ക്കൊരു താരത്തെ നഷ്ടപ്പെടുത്താനാകില്ല,’ കാസെമിറോ പറഞ്ഞു.

അതേസമയം, ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവുണ്ടാകുന്നതെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം നിസാരമാവുകയാണെന്നും വിനീഷ്യസ് കളത്തില്‍ വെച്ച് പറഞ്ഞിരുന്നു.

ഫുട്‌ബോളില്‍ ഇത് സാധാരണമാവുകയാണെന്നും ഫെഡറേഷനും എതിര്‍ ടീമിന്റെ ആരാധകരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വിനി പറഞ്ഞു. താന്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യമിപ്പോള്‍ വിദ്വേഷം പ്രചരിക്കുന്നവരായി മാറിയെന്നും ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും ലീഗ് ഇപ്പോള്‍ വംശീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights Casemiro praises his national teammate Vinicius Jr