ടീമിലെ അടുത്ത സുഹൃത്ത്, മികച്ച കളിക്കാരന്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ പുകഴ്ത്തി കാസെമിറോ
Football
ടീമിലെ അടുത്ത സുഹൃത്ത്, മികച്ച കളിക്കാരന്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ പുകഴ്ത്തി കാസെമിറോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th July 2023, 9:35 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരില്‍ ഒരാളാണ് ബ്രസീല്‍ സൂപ്പര്‍താരം കാസെമിറോ. ക്ലബ്ബിലെ തന്റെ ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

കാസെമിറോയുടെ മുന്‍ തട്ടകമായ റയല്‍ മാഡ്രിഡിലെ സഹതാരമായിരുന്ന റാഫേല്‍ വരാനെ യുണൈറ്റഡിലും താരത്തോടൊപ്പം ബൂട്ടുകെട്ടുന്നുണ്ട്. വരാനെയാണ് യുണൈറ്റഡില്‍ കാസെമിറോയുടെ അടുത്ത സുഹൃത്തെന്നായിരുന്നും ആരാധകരില്‍ പലരും കരുതിയിരുന്നത്.

എന്നാല്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പുതിയ തട്ടകത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ട താരമെന്ന് പറഞ്ഞിരിക്കുകയാണ് കാസെമിറോ. ക്ലബ്ബില്‍ പുതുതായി ജോയിന്‍ ചെയ്തപ്പോള്‍ ഫെര്‍ണാണ്ടസ് തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം മികച്ച കളിക്കാരനാണെന്നുമാണ് കാസെമിറോ പറഞ്ഞത്.

‘ധാരാളം കഴിവുകളുള്ള, മികച്ച കളിക്കാരനാണ് ബ്രൂണോ. ഞാന്‍ ക്ലബ്ബില്‍ എത്തിയപ്പോള്‍ പുതിയ പരിസരവുമായി ഒത്തിണങ്ങാന്‍ എന്നെയവന്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്,’ കാസെമിറോ പറഞ്ഞു.

അതേസമയം, കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെത്തിച്ചത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്. ക്ലബ്ബിലെത്തിയതിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചിരുന്നു. യുണൈറ്റഡിനായി മികച്ച ഫോമില്‍ തുടരുന്ന കാസെമിറോയെ പ്രശംസിച്ച് ടെന്‍ ഹാഗ് രംഗത്തെത്തിയിരുന്നു.

‘കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ നല്ല ക്യാരക്ടറും വ്യക്തിത്വവുമുള്ള താരങ്ങളെയാണ് ഞങ്ങള്‍ അന്വേഷിച്ചിരുന്നത്. മികച്ച ടെക്‌നിക്കല്‍ സ്‌കില്ലും വേഗത്തില്‍ ഓടാനും സാധിക്കുന്ന നിരവധി താരങ്ങള്‍ ഈ ലോകത്തുണ്ട്. അതില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള താരത്തെയായിരുന്നു ഞങ്ങള്‍ക്കാവശ്യം.

കാസെമിറോ മികച്ച ലീഡറാണ്, അതുകൊണ്ട് തന്നെ അദ്ദേഹം ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട താരമാണ്. കളിയില്‍ അവന്‍ കാഴ്ചവെക്കുന്ന പ്രകടനമോ കഴിവുകളോ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതോ മാത്രമല്ല, അതിനെക്കാളുപരി അവന്റെ സംഘാടനവും, മെന്റാലിറ്റിയും കള്‍ച്ചറുമെല്ലാം പ്രശംസനീയമാണ്. അവനെ സൈന്‍ ചെയ്യിച്ചതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,’ ടെന്‍ ഹാഗ് പറഞ്ഞു.

Content Highlights: Casemiro praises Bruno Fernandez