ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെ, മറഡോണ എന്നിവര്‍ കളിക്കുന്നത് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഈ തലമുറയിലെ മൂന്ന് സൂപ്പര്‍താരങ്ങളുടെ കളി ആസ്വദിച്ചുവെന്നും ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ കാസെമിറോ.
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി, പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ എന്നിവരെ കുറിച്ചാണ് കാസെമിറോ സംസാരിച്ചത്. അടുത്തിടെ കാസെമിറോ നല്‍കിയ ഒരഭിമുഖത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മറഡോണയും പെലെയും കളിക്കുന്നത് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ നൂറ്റാണ്ടിലെ മികച്ച താരങ്ങളായ മെസി, ക്രിസ്റ്റിയാനോ, നെയ്മര്‍ എന്നിവരുടെ കളി ആസ്വദിക്കാന്‍ സാധിച്ചു,’ കാസെമിറോ പറഞ്ഞു.
മെസി ഫുട്‌ബോളില്‍ ഒരു യുഗം തന്നെ സൃഷ്ടിച്ചെന്നും അദ്ദേഹത്തിനെതിരെ കളിക്കാനായത് വലിയ സന്തോഷമുള്ള കാര്യമാണെന്നും കാസെമിറോ കൂട്ടിച്ചേര്‍ത്തു. മെസി എല്ലായിപ്പോഴും ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും പോരാളിയായിരുന്നെന്നും ഫുട്‌ബോള്‍ പ്രേമികളെല്ലാം മെസിയെയും ഇഷ്ടപ്പെടുമെന്നും കാസെമിറോ പറഞ്ഞു.
2016ല്‍ ക്യാമ്പ് നൗവില്‍ നടന്ന ലീഗ് മാച്ചിലാണ് മെസിയും കാസെമിറോയും ആദ്യമായി കൊമ്പുകോര്‍ക്കുന്നത്. അന്നത്തെ മത്സരത്തില്‍ ലോസ് ബ്ലാങ്കോസ് ജയിക്കുകയും കാസെമിറോ ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറില്‍ ഒരാളായി പേരെടുക്കുകയും ചെയ്തിരുന്നു.
ദേശീയ ഫുട്‌ബോളിന് പുറമെ ക്ലബ്ബ് തലത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാസെമിറോയെ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്.
ക്ലബ്ബിലെത്തിയതിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചിരുന്നു. യുണൈറ്റഡിനായി മികച്ച ഫോമില്‍ തുടരുന്ന കാസെമിറോയെ പ്രശംസിച്ച് ടെന്‍ ഹാഗ് രംഗത്തെത്തിയിരുന്നു.
Content Highlights: Casemiro praise Messi, Cristiano and Neymar