ബെന്‍സിമയില്ല; മൂന്ന് മികച്ച താരങ്ങളുടെ പേര് പറഞ്ഞ് കാസെമിറോ
Football
ബെന്‍സിമയില്ല; മൂന്ന് മികച്ച താരങ്ങളുടെ പേര് പറഞ്ഞ് കാസെമിറോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th August 2023, 4:32 pm

തന്റെ തലമുറയിലെ മൂന്ന് മികച്ച താരങ്ങളുടെ പേരുകള്‍ പറഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീല്‍ സൂപ്പര്‍താരം കാസെമിറോ. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ലൂയിസ് ഫിലിപ്പിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി, പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ എന്നീ പേരുകളാണ് കാസെമിറോ ചൂണ്ടിക്കാട്ടിയത്.

‘മറഡോണയും പെലെയും കളിക്കുന്നത് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ നൂറ്റാണ്ടിലെ മികച്ച താരങ്ങളായ മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍ എന്നിവരുടെ കളി ആസ്വദിക്കാന്‍ സാധിച്ചു,’ കാസെമിറോ പറഞ്ഞു.

റൊണാള്‍ഡോക്കും നെയ്മര്‍ക്കുമൊപ്പം കളിച്ചിട്ടുള്ള കാസെമിറോ മെസിയുള്ള ടീമില്‍ ഇതുവരെ ബൂട്ടുകെട്ടിയിട്ടില്ല. ബ്രസീല്‍ ദേശീയ ടീമില്‍ നെയ്മര്‍ക്കൊപ്പവും ക്ലബ്ബ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും റോണോക്കൊപ്പവും കാസെമിറോ കളിച്ചു.

റൊണാള്‍ഡോക്കൊപ്പം കളിച്ച 122 മത്സരങ്ങളില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഏഴ് ഗോള്‍ നേടി. നെയ്മര്‍ക്കൊപ്പം 53 മത്സരങ്ങളില്‍ കളിക്കുകയും രണ്ട് ഗോള്‍ അക്കൗണ്ടിലാക്കുകയും ചെയ്തു.

മെസിക്കെതിരെ 20 മത്സരങ്ങളിലാണ് കാസെമിറോ ബൂട്ടുകെട്ടിയിട്ടുള്ളത്. അര്‍ജീനക്കെതിരെ എട്ട് മത്സരങ്ങളില്‍ ജയിക്കുകയും നിരവധി മത്സരങ്ങളില്‍ തോല്‍വി വഴങ്ങുകയും ചെയ്തു.

2016ല്‍ ക്യാമ്പ് നൗവില്‍ നടന്ന ലീഗ് മാച്ചിലാണ് മെസിയും കാസെമിറോയും ആദ്യമായി കൊമ്പുകോര്‍ക്കുന്നത്. അന്നത്തെ മത്സരത്തില്‍ ലോസ് ബ്ലാങ്കോസ് ജയിക്കുകയും കാസെമിറോ ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറില്‍ ഒരാളായി പേരെടുക്കുകയും ചെയ്തിരുന്നു.

ദേശീയ ഫുട്‌ബോളിന് പുറമെ ക്ലബ്ബ് തലത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാസെമിറോയെ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്.

ക്ലബ്ബിലെത്തിയതിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചിരുന്നു. യുണൈറ്റഡിനായി മികച്ച ഫോമില്‍ തുടരുന്ന കാസെമിറോയെ പ്രശംസിച്ച് ടെന്‍ ഹാഗ് രംഗത്തെത്തിയിരുന്നു.

Content Highlights: Casemiro names three best players of his generation