| Tuesday, 29th November 2022, 2:25 am

കാസെമിറോ ലോകത്തിലെ തന്നെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡര്‍; സൂപ്പര്‍ ഗോള്‍ പിറന്നപ്പോള്‍ നെയ്മറുടെ ട്വീറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ സൂപ്പര്‍ പോര്‍ട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും, ബ്രസീല്‍ മിസ് ചെയ്തത് അവരുടെ സൂപ്പര്‍ താരം നെയ്മറെയായിരിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ സെര്‍ബിയന്‍ താരത്തില്‍ നിന്നേറ്റ ചവിട്ടുകാരണം നെയ്മര്‍ക്ക് പരിക്കേറ്റിരുന്നു. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് കളി അവസാനിക്കുന്നതിന് മുമ്പേ നെയ്മറിന് കളം വിടേണ്ടിവന്നിരുന്നു.

മത്സരം അവസാനിക്കാന്‍ 11 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റത്. ശേഷം പരിക്കേറ്റ് കാല്‍വീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നിരുന്നു. ഈ മത്സരത്തില്‍ ഒമ്പത് തവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. ഇതോടെയാണ് തുടര്‍ന്നുള്ള ഗ്രൂപ്പ് ഘട്ട മത്സരം താരത്തിന് നഷ്ടപ്പെട്ടത്.

എന്നാലിപ്പോള്‍ സ്വിറ്റസര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ കസെമിറോയുടെ ഗോളില്‍ ബ്രസീല്‍ മുന്നിട്ടുനിന്ന സമയത്ത് നെയ്മര്‍ പങ്കുവെച്ച ട്വീറ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘കാസെമിറോ ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍,’ എന്നാണ് നെയ്മര്‍ കുറിച്ചത്.

അതേസമയം, ഫിനിഷിങ്ങില്‍ നെയ്മറുടെ അഭാവം ബ്രസീലിന് അല്‍പം ക്ഷീണമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരം. ഇരുപകുതികളിലും സ്വിറ്റ്‌സര്‍ലാന്‍ഡ് ഗോള്‍മുഖത്ത് പലവട്ടം പന്തുമായി ബ്രസീലെത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരുന്നിടത്താണ് 83ാം മിനിട്ടില്‍ സൂപ്പര്‍താരം കസെമിറോ തകര്‍പ്പന്‍ ഗോളോടെ ബ്രസീലിനെ മുന്നിലെത്തിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയവും പൂര്‍ത്തീകരിച്ച ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യതയുറപ്പിച്ചു.

Content Highlight: Casemiro is the world’s best midfielder of all time; Neymar’s tweet when the super goal was scored

We use cookies to give you the best possible experience. Learn more