| Wednesday, 2nd November 2022, 1:52 pm

'കാസെമിറോയും മാർട്ടിനെസും നല്ല കളിക്കാരാണ്, പക്ഷേ മികച്ച കളിക്കാരല്ല': മുൻ ലിവർപൂൾ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു കെട്ട കാലത്തിന് ശേഷം പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ സിറ്റിയോട് 6-3 ന്റെ നാണംകെട്ട തോൽവി വഴങ്ങിയതിന് ശേഷം പിന്നീടൊരു മത്സരത്തിലും യുണൈറ്റഡ് തോൽവിയറിഞ്ഞിട്ടില്ല.

സിറ്റിയുമായി നടന്ന മത്സരത്തിന് ശേഷം ആറ് ജയവും രണ്ട് സമനിലയുമാണ് യുണൈറ്റഡിന്റെ അക്കൗണ്ടിലുള്ളത്.

ഈ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചവരാണ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ടീമിലെത്തിയ ലാറ്റിനമേരിക്കൻ സൂപ്പർതാരങ്ങളായ കാസെമിറോയും ലിസാൻഡ്രോ മാർട്ടിനെസും.

എന്നിരുന്നാലും ഇരുവരുടെയും പ്രകടനത്തിൽ എല്ലാവരും ഒരുപോലെ തൃപ്തരായിരുന്നില്ല. താരങ്ങളെ പ്രശംസിക്കുന്നതോടൊപ്പം വിമർശിക്കുന്നവരും ഉണ്ട് കൂട്ടത്തിൽ.

അതിലൊരാളാണ് ലിവർപൂളിന്റെ ഇതിഹാസ താരം ഗ്രെയിം സൗനെസ്. വാർത്താ ഏജൻസിയായ ടോക് സ്പോർടിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മാർട്ടിനെസിനെ പേരിനൊന്ന് പ്രശംസിച്ചെങ്കിലും താരത്തിന്റെ ഉയരത്തെ മുൻനിർത്തി കളിയുടെ ശൈലിയെ ചോദ്യം ചെയ്യുകയായിരുന്നു.

”ഈ ഉയരം വെച്ച് കളിക്കുക പ്രയാസമാണ്. പ്രീമിയർ ലീഗിൽ 5’1 അടി ഉയരം വെച്ച് 5’7 അടി ഉയരമുള്ള താരങ്ങളുമായി ഏറ്റുമുട്ടിയാൽ എങ്ങനെയിരിക്കും? മാത്രമല്ല എനിക്ക് തോന്നിയിട്ടില്ല മാർട്ടിനെസ് വേഗതയുള്ള കളിക്കാരനാണെന്ന്.

എനിക്ക് തോന്നിയിട്ടില്ല പന്ത് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അയാൾ കേമനാണെന്ന്. പക്ഷേ അയാൾ മറ്റുള്ളവരെ കളിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്, അർജന്റീനക്കാർക്കുണ്ടാകാറുള്ള ആക്രമണോത്സുകതയും അദ്ദേഹത്തിനുണ്ട്,’ സൗനെസ് ചൂണ്ടിക്കാട്ടി.

തൊട്ടുപിന്നാലെ സൗനെസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരം റിയോ ഫെർഡിനാൻഡ്.

കളി കാണാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും മാർട്ടിനെസ് വളരെ സ്മാർട്ടായ താരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”കളി കാണാതെ സംസാരിക്കരുത്. കളികൾ കാണണം. നിങ്ങൾ മാർട്ടിനെസിനെ ശ്രദ്ധച്ചിട്ടില്ലെന്ന് വ്യക്തമാണ്. കാരണം കളി അറിയുന്ന ഒരാളോട് സംസാരിച്ചാൽ അദ്ദേഹത്തിന്റെ ആട്രിബ്യൂട്ടുകളെ കുറിച്ച് അറിയാൻ സാധിക്കും.

ഗ്രൗണ്ടിൽ അദ്ദേഹം മികച്ചവനാണ്, ധൈര്യശാലിയും, ആക്രമണോത്സുകനുമാണ്. ഡിഫൻഡിങ് നിരയിൽ അദ്ദേഹം കാട്ടുന്ന മികവ് പ്രശംസനീയമാണ്.

അദ്ദേഹത്തിന് നന്നായി കളിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് തന്നെ അസംബന്ധമാണ്,’ ഫെർഡിനാൻഡ് വ്യക്തമാക്കി.

അതേസമയം കാസെമിറോയെ കുറിച്ചും ഗ്രെയിം സൗനെസ് സംസാരിച്ചു. കാസെമിറോ നല്ല കളിക്കാരനായിരിക്കാം എന്നാൽ മികച്ച കളിക്കാരനാണെന്ന് പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ജൂലൈയിലാണ് മാർട്ടിനെസ് അയാക്സിൽ നിന്ന് യുണൈറ്റഡിൽ എത്തുന്നത്. തുടർന്ന് ക്ലബ്ബിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അദ്ദേഹം മാറുകയായിരുന്നു.

12 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം ഓഗസ്റ്റിൽ ക്ലബ്ബിന്റെ പ്ലെയർ ഓഫ് ദ മന്ത് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കാസെമിറോ റയൽ മാഡ്രിഡിൽ അഞ്ച് യൂറോപ്യൻ കപ്പുകളും മൂന്ന് ലാലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. 2019ൽ കോപ്പ അമേരിക്ക നേടിയ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്ന കാസെമിറോ ഈ വർഷത്തെ ലോകകപ്പിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Content Hightlights: Casemiro is a good player, but not a great player, says Liverpool legend Graeme Souness

Latest Stories

We use cookies to give you the best possible experience. Learn more