തന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ കാസെമിറോ. ജേണലിസ്റ്റ് ലൂയീസ് ഫിലിപ് കാസ്‌ട്രോക്ക് നല്‍കിയ അഭിമുഖത്തിലാണ് കാസെമിറോ ഇക്കാര്യം പറഞ്ഞത്.
മെസി, റൊണാള്‍ഡോ എന്നിവര്‍ക്ക് പുറമെ സൂപ്പര്‍ താരവും ബ്രസീലിയന്‍ നാഷണല്‍ ടീമിലെ തന്റെ സഹതാരവുമായ നെയ്മറിനെയാണ് കാസെമിറോ തെരഞ്ഞെടുത്തിരിക്കുന്നത്.
പെലെയുടെയും മറഡോണയുടെയും മത്സരം താനിതുവരെ കണ്ടിട്ടില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
‘പെലെയും മറഡോണയുടെയും മത്സരം കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളായ മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍ എന്നിവരുടെ മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്,’ കാസെമിറോ പറഞ്ഞു.
റൊണാള്‍ഡോക്കൊപ്പം റയല്‍ മാഡ്രിഡിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ഒരുമിച്ച് പന്ത് തട്ടിയ കാസെമിറോ ബ്രസീല്‍ ജേഴ്‌സിയില്‍ നെയ്മറിനൊപ്പവും കളിച്ചിട്ടുണ്ട്.
റൊണാള്‍ഡോക്കൊപ്പം 122 തവണയാണ് കാസെമിറോ ഗ്രൗണ്ടിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് ഏഴ് ഗോളും നേടിയിട്ടുണ്ട്. 53 തവണ നെയ്മറിനൊപ്പം കളത്തിലിറങ്ങിയപ്പോള്‍ നെയ്മര്‍-കാസെമിറോ കോംബിനേഷനില്‍ രണ്ട് ഗോളും പിറന്നിരുന്നു.
മെസിക്കൊപ്പം ഒരു ടീമില്‍ കളിക്കാന്‍ കാസെമിറോക്ക് സാധിച്ചിരുന്നില്ലെങ്കിലും ആകെ മൊത്തം 20 തവണ ഇരുവരും കളത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മെസി-കാസെമിറോ ക്ലാഷില്‍ എട്ട് തവണ മെസിയും സംഘവും വിജയിച്ചപ്പോള്‍ അത്രതന്നെ മത്സരത്തില്‍ കാസെമിറോയും ടീമും വിജയിച്ചു. നാല് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
Content Highlight: Casemiro calls Neymar, Lionel Messi and Cristiano Ronaldo the best players of his generation