റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള കാരണം വെളിപ്പെടുത്തി ബ്രസീല്‍ സൂപ്പര്‍താരം കാസെമിറോ. തനിക്ക് മികച്ച നിലയില്‍ കളിക്കാനാകുന്ന പ്രായത്തില്‍ ക്ലബ്ബ് മാറാന്‍ അവസരം ലഭിച്ചപ്പോള്‍ ചെയ്തതാണെന്നും അല്ലായിരുന്നെങ്കില്‍ റയല്‍ മാഡ്രിഡ് പോലൊരു ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കില്ലായിരുന്നെന്നും കാസെമിറോ പറഞ്ഞു.
‘എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുന്ന പ്രായത്തില്‍ തന്നെ ഒരു വലിയ ക്ലബ്ബില്‍ നിന്ന് മറ്റൊരു വലിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള അവസരമായിരുന്നു അത്. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞായിരുന്നെങ്കില്‍ ഞാന്‍ റയല്‍ മാഡ്രിഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് പോകില്ലായിരുന്നു. റയല്‍ മാഡ്രിഡ് വിട്ട് മറ്റൊരു വലിയ ക്ലബ്ബിലേക്ക് പോകണമെന്നോ ലീഗുകള്‍ മാറ്റണമെന്നോ ഉള്ള ആഗ്രഹം എനിക്കുണ്ടായിരുന്നില്ല,’ കാസെമിറോ പറഞ്ഞു.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെത്തിച്ചത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബാഴ്സലോണക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പരാജയം.
ബാഴ്സലോണക്കായി ഉസ്മാന്‍ ഡെംബെലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നീ താരങ്ങളാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ ടെഗര്‍ സ്റ്റേഗന്റെ മിന്നല്‍ സേവുകളും ബ്ലൂഗ്രാനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോസ് ബ്ലാങ്കോസിന്റെ ഗോളെന്നുറപ്പിച്ച നാലോളം ഷോട്ടുകളും അത്ഭുതകരമായി തടഞ്ഞുവെക്കാന്‍ സ്റ്റേഗന് സാധിച്ചു.
മത്സരത്തിന്റെ 15ാം മിനിട്ടിലാണ് ഡെംബലയിലൂടെ ബാഴ്സ ലീഡെടുത്തത്. ഏതാനും മിനിട്ടുകള്‍ക്ക് പിന്നാലെ സമനില പിടിക്കാനുള്ള അവസരം റയലിന് ഒത്തുവന്നെങ്കിലും പാഴാവുകയായിരുന്നു. ടീമിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ 85ാം മിനിട്ടിലാണ് ലോപ്പസ് മാര്‍ട്ടിന്റെ ഗോളിലൂടെ ബാഴ്സ ലീഡ് രണ്ടാക്കിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍ പിറന്നു. ഇതോടെ മത്സരം 3-0 ആയി.