തിരുവനന്തപുരം:ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനു മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് പിന്‍വലിക്കുന്നതിനുള്ള ഉത്തരവ് ആവശ്യമെങ്കില്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ നേരത്തെ സകര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാറിന്റെ പ്രത്യേക അതികാരം ഉപയോഗിച്ച് കേസ് പിന്‍വലിക്കുകയാണെന്ന വിശദീകരണമായിരുന്നു മുഖ്യമന്ത്രി നേരത്തെ നല്‍കിയിരുന്നത്.
തീരുമാനത്തിനെതിരെ ഐ.എ.എസ് അസോസിയേഷനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിജയന്‍ അടക്കമുള്ളവരും രംഗത്ത് വന്നിരുന്നു. കേസ് പിന്‍വലിക്കുന്നതിനായി പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി അടുത്തമാസം അഞ്ചിനാണ് വിധി പറയുക.
പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഹയര്‍സെക്കണ്ടറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. 2012 ഫെബ്രുവരിയിരുന്നു സംഭവം.
ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചു ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ഓഫീസിലേക്കെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഡയറക്ടറുമായുള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹത്തിനു മേല്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5ലക്ഷം രൂപ കെട്ടിവച്ചതിനുശേഷമാണ് അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങിയത്. അറസ്റ്റിലായ ഇവരെ കെ.എസ്.യുവില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. 2013ല്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി വാദം കേട്ടിരുന്നു. അടുത്തമാസം അഞ്ചിന് കോടതി കേസിന്റെ വിധി പറയും.
അതിനിടെ കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കേശവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ കേസ് പിന്‍വലിച്ചാല്‍ നിയമനടപടികളുമായി വ്യക്തിപരമായി മുന്നോട്ടുപോകുമെന്ന് കേശവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
കേസ് പിന്‍വലിക്കുന്നതില്‍ ഐ.എ.എസ് അസോസിയേഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അസോസിയേഷനോടു ആലോചിക്കാതെ കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടു കണ്ട് പ്രതിഷേധം അറിയിക്കാനായിരുന്ന ഐ.എ.എസ് അസോസിയേഷന്റെ തീരുമാനം.
കേസ് പിന്‍വലിക്കുകയാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ഐ.എ.എസ് അസോസിയേഷന്‍ അറിയിച്ചിരുന്നു.