കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കും. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെന്ന സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ പരാതിയില്‍ കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസാണ് നിയമോപദേശം നല്‍കിയത്. ദിലീപിന്റെ അഭിഭാഷകരായ വി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, അഡ്വ. നാസര്‍, സുജീഷ് മേനോന്‍ തുടങ്ങിയ അഭിഭാഷകര്‍ക്കെതിരെയാണ് കേസെടുത്തത്.
തെളിവ് നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ടുനിന്നതിനും അഭിഭാഷകര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
അതേസമയം, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപാങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്.
മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നത്.
ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡി.ജി.പി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.
Content Highlight: case will be filed against actor Dileep’s lawyers in the actress assault case