കണ്ണൂര്‍: പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പസംഗത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യവിരുദ്ധ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘സങ്കല്‍പ കഥകള്‍ കെട്ടിച്ചമച്ച് ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിം വിരോധം വളര്‍ത്താനാണ് ശ്രമിക്കുന്നത്. മുസ്‌ലിങ്ങളെ നുഴഞ്ഞു കഴറ്റക്കാരായി വിശേഷിപ്പിച്ച് കൊണ്ടാണ് മോദി പ്രസംഗിച്ചത്. രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ പോലും ഒരുപാട് മുസ്‌ലിങ്ങളുടെ പേര് കാണാന്‍ സാധിക്കും. വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കേസെടുക്കില്ലെന്ന ആത്മവിശ്വാസം മോദിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി ശരിയായ രീതിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കണമെന്നും പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
വിദ്വേഷ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ വഴിതിരിച്ച് വിടാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യാ മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളില്‍ മോദി അസ്വസ്ഥനാണെന്നാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചത്.
Content Highlight: case should be filed against Modi for hate speech: Pinarayi Vijayan