കെട്ടിയൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായ 16കാരിയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Also read ‘മാണിയെ യു.ഡി.എഫിലേക്ക് തിരിച്ച് വിളിച്ചിട്ടില്ല’; നിലപാടില്‍ മലക്കം പറഞ്ഞ് എം.എം ഹസന്‍
സൂര്യ ടി.വി, ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി എന്നീ മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ്. പീഡനത്തിനിരയായ കുട്ടിയുടെയും രക്ഷിതാക്കളുടെയും ഇവരുടെ വീടിന്റെയും ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. കുട്ടിയുടെ ഐഡിന്റിറ്റി വെളിവാകുന്ന തരത്തില്‍ മാധ്യമങ്ങള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതാണ് മാധ്യമങ്ങള്‍ക്കെതിരായ കുറ്റം.
സൂര്യ ടി.വിയിലെ കഥകള്‍ക്കപ്പുറം എന്ന പരിപാടിയില്‍ കുട്ടിയുടെ വീടിന്റെയും ബന്ധുക്കളുടെയും ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഐ.പി.സി 228 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ ഐഡിന്റിറ്റി വെളിപ്പെടുത്തുന്ന വിധം ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനും മാധ്യമങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരി റിമാന്‍ഡിലാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റു ഒമ്പതു പേര്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.