അനാഥാലയ വിവാദം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Daily News
അനാഥാലയ വിവാദം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2014, 11:10 am

highcourt[]കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എം.എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ കോടതി രക്ഷാകര്‍ത്താക്കള്‍ക്ക് ഏതെങ്കിലും തരലത്തിലുള്ള സഹായം വാഗ്ദാനം ചെയ്താണോ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥായങ്ങളിലേക്ക് നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്ന സംഭവം ഏറെ വിവാദമായിരുന്നു. ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത്. 389കുട്ടികളെയാണ് ഇത്തരത്തില്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ മതിയായ രേഖകളില്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.

കുട്ടികളുടെ വിവരം സംബന്ധിച്ച് മുക്കം അനാഥാലയം മലപ്പുറം വെട്ടത്തൂര്‍ അനാഥാലയം തുടങ്ങിയവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു.