ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അനുമതിയില്ലാതെ മാര്‍ച്ച്; തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനെതിരെ കേസ്
national news
ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അനുമതിയില്ലാതെ മാര്‍ച്ച്; തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 3:55 pm

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്.

മുന്‍കൂട്ടി അനുമതിയില്ലാതെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് അണ്ണാമലൈയ്ക്കും മറ്റ് അയ്യായിരത്തിലധികം പേര്‍ക്കുമെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച പശ്ചാത്തലത്തില്‍ തമിഴ്‌നാടും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി ചെന്നൈയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍- ഡീസല്‍ നികുതിയില്‍ ഭാഗികമായി കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കുറവുവവരുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി കേരളത്തില്‍ പെട്രോളിന് 10 രൂപ 40 പൈസയും ഡീസലിന് എഴ് രൂപ 37 പൈസയുമാണ് കുറഞ്ഞത്. കേന്ദ്രം നികുതി കുറച്ചതോടെ സംസ്ഥാനത്തിന്റെ നികുതിയിലും നേരിയ കുറവ് വന്നിരുന്നു. ഇതിനു പുറമേ സംസ്ഥാനങ്ങള്‍ കുറക്കയ്ണമെന്ന ആവശ്യവുമായാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുവരുന്നത്.

അതേസമയം, സമീപകാലത്തൊന്നുമില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നികുതി കുറച്ചത്.

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കുറക്കണമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

ഇന്ധന വിലയോടൊപ്പം പാചക വാതക വിലയും വര്‍ധിച്ചത് കടുത്ത എതിര്‍പ്പിനിടയാക്കി. ഈയടുത്ത് ഇന്ധന നികുതി കുറക്കാത്തതിന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. ഇന്ധനവില വര്‍ധനവും രൂപയുടെ വിലയിടിവും വിലക്കയറ്റവും സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.