ആള്‍ക്കൂട്ടകൊലപാതക പരാമര്‍ശത്തില്‍ സായ് പല്ലവിക്ക് എതിരെ കേസെടുത്തു
Entertainment news
ആള്‍ക്കൂട്ടകൊലപാതക പരാമര്‍ശത്തില്‍ സായ് പല്ലവിക്ക് എതിരെ കേസെടുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th June 2022, 12:23 pm

ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സായ് പല്ലവിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

സായ് പല്ലവിയ്‌ക്കെതിരെ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ബജ്റംഗ്ദള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നത് മുതല്‍ സായ് പല്ലവിക്കെതിരെ തീവ്രവലതുപക്ഷ അക്കൗണ്ടുകള്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ് അഴിച്ചുവിട്ടത്.

സായ് പല്ലവിയുടെ ഇറങ്ങാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായും വിദ്വേഷ പ്രചാരകര്‍ എത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളെ മുസ്‌ലിങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടവരുടെ പ്രധാന ചോദ്യം.

സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നിരുന്നു. #BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് തീവ്ര വലതുപക്ഷ അക്കൗണണ്ടുകള്‍ വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്.

‘വെന്നെല്ല’ എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലായിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. വേണു ഉഡുഗുളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നന്ദിത ദാസ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 17 ന് റിലീസ് ചെയ്തത്.

Content Highlight : Case registered against Sai Pallavi for the controversial statement