പട്‌ന: ഉള്ളിവില ഉയര്‍ന്നതിനെക്കുറിച്ചു നടത്തിയ പ്രതികരണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന പരാതിയില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി രാം വിലാസ് പസ്വാനെതിരെ കേസെടുത്തു. ബിഹാറിലെ മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.
മുസാഫര്‍പുര്‍ മിതാന്‍പുര സ്വദേശി രാജു നയ്യാറാണു കോടതിയില്‍ പരാതി നല്‍കിയത് വഞ്ചനയ്ക്കും കളവിനും കേസെടുക്കണമെന്നാണു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതൊക്കെ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല.
കരിഞ്ചന്തയില്‍ വില്‍ക്കുന്നത് കൊണ്ടാണ് ഉള്ളി വില ഉയരുന്നതെന്ന് മന്ത്രി പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു. ഈ പരാമര്‍ശം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ പാസ്വാനെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പട്നയില്‍ ഉള്ളിവില കിലോയ്ക്ക് 100 രൂപ കടന്നു. നിലവില്‍ രാജ്യത്ത് ഉള്ളിവില 110-160 രൂപയാണ്. ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുത്തനെ കുറഞ്ഞതാണു വിലവര്‍ധനവിനു കാരണം.