| Monday, 11th June 2012, 10:45 am

മലപ്പുറം ഇരട്ടക്കൊല: കൊല്ലാന്‍ പറഞ്ഞത് പി.കെ ബഷീര്‍ എം.എല്‍.എയെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: അരീക്കോട് കുനിയില്‍ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയ്‌ക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എം.എല്‍.എ പരസ്യമായി കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന് കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.  ഏറനാട് മണ്ഡലത്തിലെ മുസ്‌ലീം ലീഗ് എം.എല്‍.എയാണ് ബഷീര്‍.

ഇന്നലെ രാത്രിയാണ് കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (46), കൊളക്കാടന്‍ ആസാദ്   എന്നിവര്‍ക്ക് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട   ഇരുവരും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ആസാദ് പുലര്‍ച്ചെ മൂന്നുമണിയോടെയും അബൂബക്കര്‍ നാലുമണിയോടെയുമാണ് മരിച്ചത്. കുനിയില്‍ നടുപ്പാട്ടില്‍ അത്തീക് റഹ്മാന്‍ വധക്കേസിലെ പ്രതികളാണ് വെട്ടേറ്റ് മരിച്ചത്.

സുമോയിലെത്തിയ അജ്ഞാത സംഘമാണ് ഇരുവരെയും വെട്ടിയതെന്നാണ് പോലീസ് നിഗമനം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരി അഞ്ചിനു വൈകിട്ടാണ് റഹ്മാന്‍ വധിക്കപ്പെട്ടത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് അന്നു സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. അബൂബക്കറും ആസാദും ഉള്‍പ്പെടെ ആറു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തോളം മഞ്ചേരി ജയിലില്‍ തടവിലായിരുന്ന ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയ ഇവര്‍ക്കുനേരെ പ്രതികാര നടപടികളുണ്ടാകുമെന്ന് പോലീസിന് നേരത്തെ സൂചനലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more