കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കെ.പി.പി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബെനഡിക്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചി കോര്‍പറേഷന്‍ ഉപരോധ സമരം നടത്തിയിരുന്നത്. സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അതിക്രമം നടന്നിരുന്നു. ഇത് സമരം ഉദ്ഘാടനം ചെയ്ത കെ. സുധാകരന്‍ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണെന്ന് ആരോപിച്ചാണ് ബെനഡിക്ട് പരാതി നല്‍കിയത്.
റോഡ് തടഞ്ഞുള്ള ഉപരോധത്തിന് അനുമതി നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഓഫീസില്‍ ജോലിക്കെത്തുന്നവരെ പോലും കടത്തിവിടാതായതോടെയാണ് പൊലീസ് റോഡ് തടയരുതെന്ന് നിര്‍ദേശിച്ചത്.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടുത്തത്തില്‍ കോര്‍പറേഷന്‍ മേയര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് ഉപരോധം.
Content Highlight: Case registered against K sudakaran