| Thursday, 15th August 2019, 7:07 pm

കോഹ്‌ലി പൂജ്യത്തിനു പുറത്തായി; നിരാശ മൂലം എഴുതിയത് ബീഫിനെക്കുറിച്ച്; രണ്ടുവര്‍ഷം മുമ്പെഴുതിയ പോസ്റ്റിന്റെ പേരില്‍ യുവതിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹട്ടി: രണ്ടുവര്‍ഷം മുന്‍പ് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ ഇപ്പോള്‍ കേസെടുത്തു. ഗുവാഹട്ടി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഹ്ന സുല്‍ത്താനയ്‌ക്കെതിരെയാണ് അസം പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

പോസ്റ്റ് വിവാദമായപ്പോള്‍ നേരത്തേ തന്നെ രഹ്ന അത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രഹ്നയുടെ പോസ്റ്റ് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചതോടെയാണ് തങ്ങള്‍ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഈദ് ദിവസമാണ് രഹ്ന പോസ്റ്റിട്ടതെന്ന് ആ വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ രണ്ടുവര്‍ഷം മുന്‍പെഴുതിയ കുറിപ്പാണതെന്നും വിവാദമായപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ നീക്കിയതാണെന്നും രഹ്ന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

2017 ജൂണിലാണ് രഹ്ന പോസ്റ്റിട്ടത്. ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലി പൂജ്യത്തിനു പുറത്തായതിന്റെ നിരാശയില്‍ എഴുതിയ കുറിപ്പാണിതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞമാസം ദേശീയ പൗരത്വ രജിസ്റ്ററിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത എഴുതിയതിന്റെ പേരില്‍ താനടക്കം 10 പേര്‍ക്കെതിരെ കേസെടുത്തതായും യുവതി പറഞ്ഞു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചതിന് കൊക്രജാര്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തു. രണ്ട് സിം കാര്‍ഡുകളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു.

We use cookies to give you the best possible experience. Learn more