കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം. യുവാവ് വടി കൊണ്ട് നടുറോഡിൽ വെച്ച് യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
യുവതിയെ മര്‍ദിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബംഗാളിലെ ദിനാജ്പൂര്‍ ജില്ലയിലാണ് സംഭവം. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മര്‍ദനം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തജമുല്‍ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് യുവതിയെ ആക്രമിച്ചതെന്നാണ് ആരോപണം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. അക്രമിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.
അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും തിരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു. യുവതിയെ നടുറോഡിലിട്ട് ഒരു യുവാവ് വടികൊണ്ട് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന് സാക്ഷിയായി ചുറ്റും കസേരയിട്ട് ആളുകള്‍ ഇരിക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിയുടെ ഭരണത്തിന്റെ വൃത്തികെട്ട മുഖമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആള്‍ക്കൂട്ട വിചാരണ നടത്തി യുവതിയെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മര്‍ദിച്ചെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും സന്ദേശ്ഖാലി ഉണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി സ്ത്രീകള്‍ക്ക് ശാപമാണെന്നും ബി.ജെ.പി ആരോപിച്ചു. തൃണമൂല്‍ എം.എല്‍.എ ഹമീദുര്‍ റഹ്‌മാന്‍ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചു. ഇത് ഗ്രാമത്തിന്റെ കാര്യമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Case registered after video shows man, said to be TMC leader, thrashing couple in Bengal