| Tuesday, 16th January 2018, 11:24 pm

സമൂഹമാധ്യമത്തിലൂടെ കലാപത്തിനു ആഹ്വാനം; ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരന്‍ എം.പിയ്‌ക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഏഷ്യാനെറ്റ് മേധാവിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖരനെതിരെ കണ്ണൂര്‍ പരിയാരം പോലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം ഐ.പി.സി 153 ാം വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

2017 മെയ് 11 ന് കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് കക്കംപാറയിടെ ചൂരക്കാട്ട് ബിജുവിന്റെ മരണത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് അടിച്ചുതകര്‍ക്കുകയും പരിയാരം മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്ക് നേരെ ആക്രമം നടത്തുകയും ചെയ്തിരുന്നു.

ബിജുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയും ആശുപത്രി തകര്‍ക്കുകയും ചെയ്യുന്നെന്ന പേരില്‍ ഈ ആക്രമത്തിന്റെ വീഡിയോ രാജീവ് ചന്ദ്രശേഖര്‍ എം.പി ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച് മാലൂര്‍ സ്വദേശി സനോജ് ഹൈടെക് സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ താല്‍പര്യത്താലാണ് രാജീവ് ചന്ദ്രശേഖരന്‍ എം.പി ഇത്തരം പ്രചരണങ്ങള്‍ നടത്തിയെതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില്‍ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പരാതിയില്‍ സനോജ് ആരോപിച്ചിരുന്നു

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ആശുപത്രിയും ആംബുലന്‍സും സി.പി.ഐ.എം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തെന്നായിരുന്നു എം.പിയുടെ ട്വീറ്റ്. ബി.ജെ.പി അനുകൂല ട്വിറ്റര്‍ അക്കൗണ്ടായ ജയകൃഷ്ണന്‍(@സവര്‍ക്കര്‍5200) എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റായിരുന്നു രാജീവ് ചന്ദ്രശേഖരന്‍ ഷെയര്‍ ചെയ്തത്.

സനോജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്ന് അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.

We use cookies to give you the best possible experience. Learn more