| Thursday, 22nd March 2018, 5:06 pm

'സ്ത്രീയുടെ മാനത്തെ അവഹേളിക്കുന്ന വൃത്തികെട്ട പരാമര്‍ശങ്ങള്‍ നടത്തി'; ഫാറൂഖ് കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ ജൗഹര്‍ മുനവീറിനെതിരെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. അമൃത മേത്തര്‍ നല്‍കിയ പരാതിയിന്മേല്‍ കൊടുവള്ളി പൊലീസാണ് അന്വേഷണം ആരംഭിച്ചത്.

ഫാറൂക്ക് ട്രെയിനിംഗ് കോളേജിലെ അധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസര്‍ ജൗഹര്‍ മുനവീര്‍ ബോധപൂര്‍വം എന്റെയും മറ്റു വിദ്യാര്‍ത്ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി മാനസിക സംഘര്‍ഷവും അപമാനവും വരുത്തിയെന്ന ചൂണ്ടിക്കാട്ടിയാണ് അമൃതയുടെ പരാതി.

സ്ത്രീയുടെ മാനത്തെ അവഹേളിക്കുന്ന വൃത്തികെട്ട പരാമര്‍ശങ്ങളാണ് താനടക്കമുള്ള മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മുനവീര്‍ നടത്തിയതെന്നു പറയുന്ന പരാതിയില്‍ അധ്യാപകന്റെ നാലു പരമര്‍ശങ്ങളും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുനവ്വീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ മാസം 28 വരെയാണ് അസിസ്റ്റന്റ് പ്രൊഫസറായ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് മുനവര്‍ സംസാരിക്കുന്ന ഓഡിയോ ഡൂള്‍ന്യൂസായിരുന്നു പുറത്തുവിട്ടത്. ഇതിനു പിന്നാലെ വിഷയം സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.

ഫെബ്രുവരി 18, 2018ന് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ ജൗഹര്‍ മുന്നവ്വിര്‍ എളേറ്റില്‍ വട്ടോളി, കോഴിക്കോട് വച്ച് നൂറോളം ആളുകളുള്ള സദസ്സില്‍ വച്ച് ബോധപൂര്‍വം മൈക്കിലൂടെയാണ് മേല്പറഞ്ഞ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ പൂര്‍ണരൂപം:

കോഴിക്കോട് ജില്ലയിലെ ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫാറൂഖ് കോളേജിലെ മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. ഫാറൂഖ് കോളേജ് ക്യാമ്പസിനകത്തെ സ്ഥാപനമായ ഫറൂക്ക് ട്രെയിനിംഗ് കോളേജിലെ അധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസര്‍ ജൗഹര്‍ മുനവ്വിര്‍. ടി എന്ന വ്യക്തി ബോധപൂര്‍വം എന്റെയും മറ്റു വിദ്യാര്‍ത്ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി മാനസിക സംഘര്‍ഷവും അപമാനവും വരുത്തിയതു സംബന്ധിച്ചാണ് ഈ പരാതി. താഴെ പറയുന്ന, അങ്ങേയറ്റം സ്ത്രീയുടെ മാനത്തെ അവഹേളിക്കുന്ന വൃത്തികെട്ട പരാമര്‍ശങ്ങളാണ് ഞാനടക്കമുള്ള മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മേല്പറഞ്ഞ അധ്യാപകന്‍ നടത്തിയത്.

പരാമര്‍ശങ്ങള്‍:

1. 80% പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂക്ക് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതില്‍ ഭൂരിഭാഗവും മുസ്‌ലിം പെണ്‍കുട്ടികള്‍ ആണ്. ആ പെണ്‍കുട്ടികളുടെയൊക്കെ അവസ്ഥയെന്താണ്? പര്‍ദ്ദയും അടിയില്‍ ലഗിന്‍സുമിട്ട് പൊക്കിപ്പിടിച്ച് നടക്കും. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍.


Dont Miss: മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചു


2. പുരുഷനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഭാഗങ്ങളിലൊന്ന് മാറ് ആണ്. പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പരയുന്നത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റി വയ്ക്കും. മാറ് ഫുള്ള് അവിടെയുണ്ടാവും.

3. വത്തക്ക പഴുത്തോ എന്നറിയാന്‍ ഒരു കഷ്ണം ചൂഴ്ന്നുവയ്ക്കുന്നതു പോലെ, ദാ ചുവപ്പുണ്ട് എന്ന്. ന്ന്ട്ട് ഇവിടെ ഇങ്ങനെ കാണിച്ചു നടക്കും. ഇതേ മാതിരിയാ ഉള്ളിലൊക്കെ എന്ന്.

4. മക്കന ഓരോ സ്‌റ്റൈലില്‍ കൂര്‍പ്പിച്ച് വെക്കും, മുടിയും ആള്‍ക്കാരെ കാണിച്ച് കൊടുക്കാന്‍ വേണ്ടി. ഇവിടെയും (മാറിടത്തിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട്) ഒരു കഷ്ണം കാണിച്ച് കൊടുക്കുന്നു. എന്നാല്പിന്നെ മൊത്തം അങ്ങോട്ട് കാണിച്ചു കൊടുത്താല്‍ പോരേ.

ഫെബ്രുവരി 18, 2018ന് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ ജൗഹര്‍ മുനവ്വിര്‍ എളേറ്റില്‍ വട്ടോളി, കോഴിക്കോട് വച്ച് നൂറോളം ആളുകളുള്ള സദസ്സില്‍ വച്ച് ബോധപൂര്‍വം മൈക്കിലൂടെയാണ് മേല്പറഞ്ഞ ലൈംഗിഗ അധിക്ഷേപങ്ങള്‍ നടത്തിയത്. ആയതിന്റെ വീഡിയോ അടക്കം യുട്യൂബിലും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും കേരളത്തിലങ്ങോളമിങ്ങോളം പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് ഞാനടക്കമുള്ള ഫാറൂക്ക് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ മാനത്തിന് അപമാനം വരുത്തണമെന്ന ബോധപൂര്‍വമായ ഉദ്ദേശത്തോട് കൂടിയാണ്. കേവലം ലൈംഗിക ഉത്പന്നങ്ങളായി ഞങ്ങളുടെ ശരീരത്തെ ചിത്രീകരിച്ചത്. ഇദ്ദേഹം അധ്യാപക സമൂഹത്തിനാകെ അപമാനമാണ്.

എന്റെയും മറ്റു വിദ്യാര്‍ത്ഥികളുടെയും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്നതും ഞങ്ങള്‍ക്ക് മാനസിക സംഘര്‍ഷം വരുത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയ ശ്രീ ജൗഹര്‍ മുനവ്വിറിന് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഇനിയും ഉണ്ടായേക്കാം. ആയതിനാല്‍ സമക്ഷത്തില്‍ നിന്നും ദയവുണ്ടായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ചാര്‍ജ് ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

We use cookies to give you the best possible experience. Learn more