തിരുവനന്തപുരം: ബിജിമോള്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ എം.എല്‍.എ എം.എ വാഹിദിനെതിരെ മാത്രം കേസെടുക്കാമെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറാണ് ഡി.ജി.പിക്ക് നിയമോപദേശം നല്‍കിയിരിക്കുന്നത്. മന്ത്രി ഷിബു ബേബി ജോണിനും കെ.സി അബുവിനും എതിരെയുള്ള പരാതി വ്യക്തമല്ലെന്നാണ് പ്രോസിക്യൂട്ടര്‍ ഡി.ജി.പിയെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ശ്രീകാര്യം പോലീസ് സ്റ്റേഷനിലാവും വാഹിദിനെതിരെയുള്ള പരാതി രജിസ്റ്റര്‍ ചെയ്യുക. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു മന്ത്രിക്കെതിരെ ബിജിമോള്‍ പരാതി നല്‍കിയിരുന്നത്. അപമാനിക്കാന്‍ ശ്രമിച്ചതിനായിരുന്നു അബുവിനും വാഹിദിനുമെതിരെ പരാതി.
അബുവിന്റെയും വാഹിദിന്റെയും വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നായിരുന്നു ബിജിമോള്‍ പരാതി നല്‍കിയിരുന്നത്. ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ലെന്നും. അവര്‍ രണ്ടുപേരും അത് ആസ്വദിക്കുകയായിരുന്നെന്നും അതിനാല്‍ ബിജിമോള്‍ പരാതി നല്‍കാനുള്ള സാധ്യതയില്ലെന്നുമാണ് കെ.സി അബു പറഞ്ഞിരുന്നത്. ബിജി മോള്‍ പ്രേമസല്ലാപത്തിലായിരുന്നെന്നായിരുന്നു എം.എ വാഹിദിന്റെ പ്രസ്താവന.
അബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിബു ബേബി ജോണും വി.എം സുധീരനും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിര്‍ദേശപ്രകാരം അബു പ്രസ്താവന പിന്‍വലവിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു.