തിരുവനന്തപുരം: ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ ബന്ധമുള്ള ആറ് പേര്‍ കസ്റ്റഡിയില്‍. ഹരിഹരന്റെ വീടിന് സമീപമുള്ള ആളുകള്‍ തന്നെയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
വീടിന് മുന്നിലെത്തി തന്നെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് ഹരിഹരന്‍ പരാതി നല്‍കിയത്. സംഘം എത്തിയ കാറിന്റെ നമ്പര്‍ ഉള്‍പ്പടെ ഹരിഹരന്‍ പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാറിന്റെ ഉടമയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്.
തേഞ്ഞിപ്പാലത്ത് നിന്ന് പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തു. വാഹനം ഉപയോഗിച്ച അഞ്ച് പേരും നേരത്തെ ഒളിവിലായിരുന്നു. ഹരിഹരനുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഹരിഹരന്റെ വീടിന് മുന്നിലെത്തി അഞ്ചംഗസംഘം അസഭ്യം പറഞ്ഞതിനും വീടിന് മുന്നിലുണ്ടായ പൊട്ടിത്തെറിയിലുമാണ് അന്വേഷണം.
ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പാനൂരില്‍ സി.പി.ഐ.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമികള്‍ എറിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ.എസ്. ഹരിഹരന്‍ നേരത്തെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയം പരിഹരിക്കപ്പെടില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പി. മോഹനന്റെ പ്രസ്താവനയും തുടര്‍ന്നുണ്ടായ ബോംബേറും ഒത്തുനോക്കുമ്പോള്‍ ആര്‍.എം.പി നേതാവിന്റെ വീടിന് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മിന്റെ ആഹ്വാനമാണെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത് പരോക്ഷമായി നടത്തിയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Case of threatening KS Hariharan: Six persons related to CPIM arrested