| Tuesday, 11th October 2022, 6:08 pm

അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച കേസ്; മരിയ റെസ്സ സുപ്രീം കോടതിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന് കാണിച്ച് ജയിലിലടച്ച
ഫിലിപ്പീൻസ് മാധ്യമപ്രവർത്തകയും നൊബേൽ ജേതാവുമായ മരിയ റെസ്സ സുപ്രീം കോടതിയിൽ. കേസിൽ അനിശ്ചിത കാലത്തേക്ക് ജയിലിലടച്ച നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളിയതിനെ തുടർന്നാണ് റെസ്സ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ശിക്ഷ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് റെസ്സ കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീൽ തള്ളുകയായിരുന്നു.

അപ്പീൽ കോടതി വിധി നിരാശപ്പെടുത്തിയെന്നായിരുന്നു മരിയയുടെ പ്രതികരണം. എല്ലാ പ്രതിസന്ധികൾക്കിടയിലും ഏറ്റവും മികച്ച രീതിയിൽ മാധ്യമപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും അവർ പറഞ്ഞു.

ഫിലിപ്പീൻസിലെ ന്യൂസ് വെബ്സൈറ്റായ റാപ്ലറുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ് മരിയ റെസ്സ. 2020ലാണ് മരിയയെയും റാപ്ലിന്റെ മുൻ റിപ്പോർട്ടർ റെയ്നാൾഡോ സാന്റോസ് ജൂനിയറേയും തടവിന് ശിക്ഷിച്ചത്. ആറുമാസം മുതൽ ആറുവർഷം വരെയായിരുന്നു ശിക്ഷ.

2012ൽ റാപ്ലറിൽ പ്രസിദ്ധീകരിച്ച വാർത്ത തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ബിസിനസുകാരൻ നൽകിയ പരാതിയിലാണ് ഇവർക്ക് കോടതി ശിക്ഷ വിധിച്ചത്.

2018ൽ പരാതി തള്ളിയെങ്കിലും നാഷനൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തീരുമാനം മരവിപ്പിച്ചു. അതേസമയം തന്നെ വിദേശ ഉടമസ്ഥാവകാശം, നികുതി വെട്ടിപ്പ് എന്നിവയുടെ പേരിൽ റാപ്ലർ അടച്ചുപൂട്ടാൻ മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ദുതർതേ ഉത്തരവിട്ടു.

ദുതർതേയുടെ വിമർശകയായിരുന്നു മരിയ. 2016ൽ ദുതർദേ രാജ്യത്തു നടത്തിയ മയക്കുമരുന്നു വേട്ടക്കെതിരെ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്ന മാധ്യമം കൂടിയാണ് റാപ്ലർ.

എന്നാൽ ആരോപണങ്ങൾ റാപ്ലർ നിഷേധിച്ചിരുന്നു. 2021ലാണ് മരിയയും റഷ്യൻ മാധ്യമപ്രവർത്തകനായ ദിമിത്രി മുറാതോവും സമാധാന നൊബേൽ പങ്കിട്ടത്. സൈബർ തലത്തിലുള്ള അപകീർത്തി കേസിൽ ശിക്ഷിക്ക​പ്പെടുന്ന ആദ്യ ഫിലിപ്പീനി മാധ്യമപ്രവർത്തകയാണ് മരിയ.

Content Highlight: Case of publication of defamatory news; Maria Ressa in the Supreme Court

We use cookies to give you the best possible experience. Learn more