| Friday, 28th January 2022, 3:02 pm

ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.

കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി.കെ. അനസ് എന്ന ഉദ്യോഗസ്ഥനാണ് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പിഐക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയിരുന്നത്.

സംഭവത്തില്‍ തൊടുപുഴ ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡി.വൈ.എസ്.പി എ.ജി. ലാല്‍ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇയാള്‍ക്കെതിരെ സ്വീകരിക്കമെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക വിവരശേഖരണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് കൈമാറിയെന്നാണ് ഇയാള്‍ക്കെതിരേയുളള ആരോപണം.

നേരത്തെ തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെ ആറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളുടെ മൊബൈല്‍ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒന്നില്‍ നിന്നാണ് പ്രതികള്‍ അനസുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരും അഡ്രസും വാട്‌സ്ആപ്പ് വഴി പങ്കുവെച്ചെന്ന് കണ്ടെത്തുകയും ചെയ്തത്.

CONTENT HIGHLIGHTS:  Case of leak of RSS information to SDPI; The police officer may be dismissed from service

We use cookies to give you the best possible experience. Learn more