| Monday, 10th April 2023, 1:20 pm

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ചുംബിച്ച കേസ്: മാപ്പ് പറഞ്ഞ് ദലൈലാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും തന്റെ നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത വിഷയത്തില്‍ മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുട്ടിയോടും കുടംബത്തിനോടും ദലൈലാമ മാപ്പപേക്ഷിച്ചിരിക്കുന്നത്.

‘ഒരു കുട്ടി, വിശുദ്ധനായ ദലൈലാമയോട് തന്നെ കെട്ടിപ്പിടിക്കാന്‍ കഴിയുമോ എന്നു ചോദിച്ച് അദ്ദേഹത്തിനരികിലേക്ക് എത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ആ കുഞ്ഞിനോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള അവന്റെ സുഹൃത്തുക്കളോടും, അവര്‍ നേരിട്ട വിഷമത്തില്‍ മാപ്പ് ചോദിക്കുകയാണ്. വിശുദ്ധന്‍ പലപ്പോഴും തന്നെ കാണാനെത്തുന്ന ആളുകളെ, പൊതുജനത്തിനും ക്യാമറകള്‍ക്കും മുന്നില്‍ കളിയാക്കാറുണ്ട്. അതൊരു നിഷ്‌കളങ്ക സ്വഭാവത്തോടെയുള്ളതും തമാശ നിറഞ്ഞതുമായ ഇടപെടലാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു,’ ദലൈലാമയുടെ ഔദ്യോഗിക സംഘം ട്വീറ്റ് ചെയ്തു.

ഒരു കുട്ടി ദലൈലാമക്ക് അരികിലേക്കെത്തുന്നതും, ആത്മീയാചാര്യന്‍ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും തന്റെ നാക്കില്‍ നക്കാന്‍ ആവശ്യപ്പെടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന്, ദലൈലാമക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദലൈലാമയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്യണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു.

2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയാവുകയാണെങ്കില്‍ അവര്‍ ആകര്‍ഷണമുള്ളവളായിരിക്കണമെന്ന പരാമര്‍ശത്തിന്റെ പേരിലും വിവാദങ്ങളില്‍പ്പെട്ടയാളാണ് ദലൈലാമ. ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം യു.എസില്‍ ജനിച്ച പത്ത് വയസുകാരനായ മംഗോളിയന്‍ ബാലനെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച ദലൈലാമയുടെ നടപടിയും വലിയ വാര്‍ത്തയായിരുന്നു.

സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന ആളുകളെ മാത്രമേ ലാമയായി അവരോധിക്കാന്‍ പാടുള്ളൂ എന്ന ചൈനയുടെ നിര്‍ദേശം തള്ളിയാണ് മംഗോളിയന്‍ ബാലനെ ബുദ്ധമത നേതൃത്വത്തിലേക്ക് ലാമ അവരോധിച്ചത്.

Content Highlights: Case of kissing a minor: Dalai Lama apologizes

We use cookies to give you the best possible experience. Learn more