കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു. അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.
വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്.
അതേസമയം, കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പൊലീസ് വിചാരണ കോടതിയില്‍ അപക്ഷ നല്‍കിയത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ദിലീപ് രംഗത്ത് എത്തിയിരുന്നു.
ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.