കോഴിക്കോട്: സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരുത്തരത്തിലുള്ള കുറവും സംഭവിച്ചിട്ടില്ലെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം പിന്തുണ നല്‍കണമെന്നും സതീദേവി പറഞ്ഞു.
ഡബ്‌ള്യൂ.സി.സി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.
”തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആയതിനാല്‍ നിയമസഭയില്‍ വെക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കേരളത്തില്‍ ആവശ്യമാണ്,’സതീദേവി പറഞ്ഞു.
തുല്യ വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്‌ള്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞു.
ഹേമ കമ്മീഷന്‍ അല്ലെന്നും കമ്മിറ്റി ആണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്‌ള്യൂ.സി.സിയുടെ ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഡബ്‌ള്യൂ.സി.സി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
അക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്‌ള്യൂ.സി.സി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.
അതിജീവിച്ച നടിക്കൊപ്പം നിന്നുകൊണ്ട് കേസില്‍ നീതിനടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഡബ്‌ള്യൂ.സി.സി ആവശ്യപ്പെട്ടിരുന്നു. അക്രമത്തെ അതിജീവിച്ച നടിയുടെ ഇതുവരെയുള്ള യാത്ര അവള്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന്റേയും ഭരണകൂട വ്യവസ്ഥയുടേയും നേര്‍ക്കാഴ്ചയാണെന്നും ഡബ്‌ള്യൂ.സി.സി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇതെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാക്ഷി ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. വി.ഐ.പിയെ സംബന്ധിച്ച് വലിയ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
ദിലീപിന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ വി.ഐ.പിയും ഉണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയാമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.