| Friday, 4th October 2024, 6:08 pm

ദസറ ദിനത്തില്‍ രാവണന് പകരം മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് പറഞ്ഞ ഹിന്ദു പുരോഹിതനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ:  മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ യു.പിയിലെ പുരോഹിതനെതിരെ കേസെടുത്ത് പൊലീസ്. സെപ്റ്റംബര്‍ 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ പ്രസംഗത്തിനിടയിലാണ് പുരോഹിതനായ യതി നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ഹിന്ദി ഭവനില്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു പരാമര്‍ശം.

ഹിന്ദി ഭവനില്‍ നടത്തിയ പ്രസംഗത്തില്‍ ദസറ ദിവസങ്ങളില്‍ കോലം കത്തിക്കേണ്ടി വരികയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിച്ചു കൊള്ളാന്‍ നരസിംഹാനന്ദന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് പൊലീസ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്.

ബി.എന്‍.എസ് സെക്ഷന്‍ 302 (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ പോലീസ് ഇത് പരിശോധിച്ചുവരികയാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ അപലപിച്ച ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനി നരസിംഹാനന്ദയ്‌ക്കെതിരെ ഉടന്‍ നടപടിയെടുക്കുണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രസ്തുത കത്തിന്റെ പകര്‍പ്പ് ഗാസിയാബാദ് പോലീസ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയ്ക്കും കൈമാറിയിട്ടുണ്ട്.

‘യതി നരസിംഹാനന്ദയുടെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുക. ഈ വിദ്വേഷ പ്രസംഗം സാമുദായിക സൗഹാര്‍ദ്ദത്തിന് ഭീഷണിയാണ്.

ഇത്തരം കാര്യങ്ങള്‍ അഡ്രസ് ചെയ്യുക തന്നെ വേണം. കൂടാതെ എല്ലാ മതങ്ങളുടേയും സമാധാനവും ബഹുമാനവും നിലനിര്‍ത്തുന്നതിന് വേണ്ടി വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്,’ ജംഇയ്യത്ത് ഉലമയുടെ എക്സ് പോസ്റ്റില്‍ പറയുന്നു.

മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് ഇതാദ്യമായല്ല വിദ്വേഷ പ്രസംഗം നടത്തുന്നത്. 2022ലും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Case filed against Yati Narsinghanand for hate speech

We use cookies to give you the best possible experience. Learn more