| Thursday, 27th February 2020, 11:02 pm

രാജ്യദ്രോഹ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു; വാട്‌സ് ആപ്പിനും ട്വിറ്ററിനും ടിക്ടോക്കിനുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ദേശീയോത്ഗ്രഥനത്തിനും മത സൗഹാര്‍ദത്തിനും കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു എന്നാരോപിച്ച് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, വാട്‌സ് ആപ്പ്, ടിക്ടോക്ക് എന്നിവക്കെതിരെ കേസ്. ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ന് പുറമെ ഐ.പി.സിയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ വരുംദിവസങ്ങളില്‍ത്തന്നെ നോട്ടീസ് നല്‍കുമെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്‌റ്റേഷനിലെ സൈബര്‍ ക്രൈം വിഭാഗം ഔദ്യോഗികമായി അറിയിച്ചു.

ഹൈദരാബാദ് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സില്‍വേരി ശ്രീശൈലം സമര്‍പ്പിച്ച ഹരജിയില്‍ നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജനങ്ങള്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ടിക് ടോക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

‘പാകിസ്താനില്‍നിന്നുള്ള ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍സിക്കും എതിരെ സന്ദേശങ്ങളും വീഡിയോകളും പോസ്റ്റുചെയ്യുന്നു. മാത്രമല്ല അവ ഇന്ത്യയില്‍ വൈറലാകുകയും ചെയ്യുന്നു’, പരാതിയില്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more