പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണം ഹരിത ട്രൈബ്യുണലും സര്‍ക്കാരുമാണെന്ന ശ്രീശ്രീ രവിശങ്കറിന്റെ പരാമര്‍ശത്തിനെതിരെ പരാതി
India
പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണം ഹരിത ട്രൈബ്യുണലും സര്‍ക്കാരുമാണെന്ന ശ്രീശ്രീ രവിശങ്കറിന്റെ പരാമര്‍ശത്തിനെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2017, 9:37 am

 

ന്യൂദല്‍ഹി: ലോക സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി യമുനാ തീരത്തുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണം ദല്‍ഹി സര്‍ക്കാരും ഹരിത ട്രൈബ്യൂണലും ആണെന്ന ശ്രീശ്രീ രവിശങ്കറിന്റെ പരാമര്‍ശത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി. രവിശങ്കറിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് മിശ്രയമാണ് പരാതി നല്‍കിയിരിക്കുന്നത്.


Also read ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകനാകില്ല’; പത്രങ്ങള്‍ അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കരുത്: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം


മൂന്ന് ദിവസം നീണ്ടു നിന്നിരുന്ന ലോക സാംസ്‌കാരിക സമ്മേളനം വഴി യമുനാ നദി തീരത്തുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക പിഴ ചുമത്തിയ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയായിരുന്നും രവിശങ്കര്‍ വിവാദ പ്രസ്താവന നടത്തിയത്. പിഴ ചുമത്തണമെങ്കില്‍ അത് പരിപാടിക്ക് അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയ ഹരിത ട്രൈബ്യൂണലിനുമെതിരെയാണെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്.

യമുന നദീതീരം അത്രമാത്രം നിര്‍മലവും ശുദ്ധവുമാണെങ്കില്‍ അത് നശിപ്പിക്കുന്ന പരിപാടികള്‍ അവര്‍ തടയണമായിരുന്നുവെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യമുന നദി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് മിശ്രയാണ് പരാതി നല്‍കിയത്.

ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരാതി പരിഗണിക്കുന്നത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വെബ്‌സൈറ്റിലാണ് സര്‍ക്കാറിനെയും ട്രൈബ്യൂണലിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള രവിശങ്കറിന്റെ വിശദീകരണം പ്രത്യക്ഷപ്പെട്ടത്.

രവിശങ്കറിന്റെ വാക്കുകള്‍ ട്രൈബ്യൂണലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണെന്നുമാണ് മനോജ് മിശ്രയുടെ പരാതിയില്‍ പറയുന്നത്. അഭിഭാഷകരായ ഋത്വിക് ദത്ത, രാഹുല്‍ ചൗധരി എന്നിവര്‍ മുഖേനയാണ് മനോജ് മിശ്ര ട്രൈബ്യൂണലിനെ സമീപിച്ചത്.