പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. അടൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഓഗസ്റ്റ് 16നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കേസിനാധാരമായ പോസ്റ്റിട്ടത്. മുസ്‌ലിം നാമധാരികളായ സഖാക്കളെ സി.പി.ഐ.എം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കട്ടോടുകൂടിയായിരുന്നു പോസ്റ്റ്. രാഷ്ട്രീയം പറയാന്‍ തന്നെയാണ് തീരുമാനമെന്നും കേസെടുത്ത് പിന്തിരിപ്പിക്കാനുള്ള ശ്രമം കയ്യിലിരിക്കട്ടെയെന്നും കേസെടുത്തതിന് പിന്നാലെ രാഹുല്‍ പ്രതികരിച്ചു.
‘ഈ ചിത്രത്തില്‍ ഷാള്‍ ഇട്ട്, ഇടത്ത് നില്‍ക്കുന്നതാണ് മോദി, വലത്ത് നില്‍ക്കുന്നതാണ് പിണറായി, നടുക്ക് നില്‍ക്കുന്നത് പതിവ് പോലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേസ് എടുക്കുന്നതിലെ സാമ്യം കൊണ്ട് മാറിപ്പോകരുത്.
ഞാന്‍ പറഞ്ഞതില്‍ ഒരു കലാപാഹ്വാനവുമില്ലായെന്നും, സി.പി.ഐ.എമ്മിന്റെ അണികള്‍ക്ക് പോലും പൊള്ളുന്ന യാഥാര്‍ത്ഥ്യമാണെന്നും നല്ല ബോധ്യമുണ്ട്.
തുടര്‍ന്നും രാഷ്ട്രീയം പറയാന്‍ തന്നെയാണ് തീരുമാനം.
തല്‍ക്കാലം ആ 154 കയ്യിലിരിക്കട്ടെ,’ എന്നാണ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണറുടെയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ കുറിച്ചത്.
കേസിന് കാരണമായ വിവാദ പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍, വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,പട്ടാമ്പിയില്‍ കൊല്ലപ്പെട്ട സെയ്താലി…..എത്ര മുസ്‌ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത്. സി.പി.ഐ.എം
ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്തം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സി.പി.ഐ.എമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്.
ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ, അതും മുസ്‌ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാര്‍ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണം.നിങ്ങള്‍ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങള്‍ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല… മുസ്‌ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.ഐ.മ്മെ?
CONTENT HIGHLIGHTS: Case filed against Rahul Mangoothil for giving riot call