പെഹ്‌ലുഖാന്‍ കൊലപാതകക്കേസിലെ വിധി ഞെട്ടലുണ്ടാക്കുന്നതെന്ന് ട്വീറ്റ്; പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുത്തു
മുസഫര്‍നഗര്‍: പശുക്കടത്താരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരെ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയ്ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.
ബീഹാറിലെ അഭിഭാഷകനായ സുധീര്‍ ഒജായാണ് പ്രിയങ്കക്കെതിരെ കേസ് കൊടുത്തത്.
വ്യക്തമായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതെന്നും എന്നാല്‍ പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് വിധിക്കെതിരാണെന്നും ഇത് കോടതിയലക്ഷ്യമാണെന്നും മതവിദ്വേഷം സൃഷ്ടിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
ആഗസ്റ്റ് 26 നാണ് കേസ് കോടതി കേള്‍ക്കുന്നതെന്നും ഒജ പ്രതികരിച്ചു.
‘പെഹ്‌ലുഖാന്‍ കേസിലെ ആറ് പ്രതികളെയും വെറുതെ വിട്ട കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ പെഹ്ലലുഖാന്റെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നുമായിരുന്നു’ പ്രിയങ്കയുടെ ട്വീറ്റ്.
ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ അക്രമികളുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ വിചാരണ ആഗസ്റ്റ് 7 ന് പൂര്‍ത്തിയായിരുന്നു. കേസില്‍ ആകെ 9 പ്രതികളാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവര്‍ ജാമ്യത്തിലാണ്. ഇവരുടെ കേസ് ജുവനൈല്‍ കോടതിയിലാണ് വിചാരണ ചെയ്യുന്നത്.