ന്യൂദല്‍ഹി:പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ കേസെടുത്തു. ബീഹാറിലെ കതിഹാറിലെ റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് കേസ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 65 % വരുന്ന മുസ്‌ലീം വോട്ടര്‍മാരോട് കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു സിദ്ധു.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ താരിഖ് അന്‍വറിനെ പിന്തുണച്ചു കൊണ്ടുള്ള റാലിയില്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ധു നടത്തിയ പ്രസംഗം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി ആരോപിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടി ആവശ്യപ്പെടുകയുമായിരുന്നു.
‘നിങ്ങള്‍ നിങ്ങളെ തന്നെ പിന്നാക്കമായി കണക്കാക്കരുത്. നിങ്ങളാണ് ഇവിടുത്തെ മുന്നാക്കം.നിങ്ങള്‍ 62 ശതമാനം വരുന്നു. ഒവൈസിയെ പോലുള്ള ആളുകളുടെ തന്ത്രത്തില്‍ വീണുപോകരുത്. അവര്‍ ബി.ജെ.പി യുടെ താങ്ങാണ്.’ എന്നായിരുന്നു സിദ്ധു പറഞ്ഞത്.
‘നിങ്ങളുടെ കരുത്ത് കണക്കാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തുന്നതിനായി വോട്ട് രേഖപ്പെടുത്തു.’സിദ്ധു പറഞ്ഞു. ഇതിന്റെ വീഡിയോ ടെലിവിഷന്‍ വാര്‍ത്താ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു.
ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിക്കുന്ന സിദ്ധു മോദി ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ ഏറ്റവും വലിയ നുണയനാണെന്ന് ആരോപിച്ചിരുന്നു. 2014ല്‍ മോദി നല്‍കിയിരുന്ന വാഗ്ദാനങ്ങളില്‍ ഒന്ന് പോലും അദ്ദേഹം പാലിച്ചിട്ടില്ലെന്നും സിദ്ധു ആരോപിച്ചു.
‘മോദിയെ പോലൊരു നുണയന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നത് ഇതിന് മുന്‍പ് ഈ രാജ്യം കണ്ടിട്ടില്ല. 364 വാഗ്ദാനങ്ങളാണ് മോദി 2014ല്‍ നമുക്ക് തന്നത്. അതില്‍ ഒന്ന് പോലും ഈ ദിവസം വരെ പാലിച്ചിട്ടില്ല. കള്ളപ്പണമെല്ലാം ഇപ്പോഴും പുറം രാജ്യങ്ങളിലാണ്. വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി ഇന്നുവരെ നടപ്പില്‍ വരുത്തിയിട്ടില്ല. ഇതെല്ലാം മറയ്ക്കാന്‍ ‘കാവല്‍ക്കാരന്‍’ തട്ടിപ്പുമായി അയാള്‍ വീണ്ടും വന്നിരിക്കുകയാണ്.’ സിദ്ധു പറഞ്ഞു.