വര്‍ഗീയ പരാമര്‍ശം; കെ.ആര്‍ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു
Hate speech
വര്‍ഗീയ പരാമര്‍ശം; കെ.ആര്‍ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 10:25 pm

കോഴിക്കോട്: ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റിട്ട സംഭവത്തില്‍ എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ ദാസ് നല്‍കിയ പരാതി പ്രകാരമാണ് കേസ്. കെ.ആര്‍ ഇന്ദിരക്കെതിരെ നിരവധി വ്യക്തികളും സംഘടനകളും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാന്‍ വൈകുന്നുവെന്ന വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ കെ ആര്‍ ഇന്ദിര നീക്കം ചെയ്തിരുന്നു.

അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

‘ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്നായിരുന്നു പോസ്റ്റ്.

ഇന്ദിരയുടെ പോസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് മറ്റൊരാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ
‘താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചെടുക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളില്‍ നിന്ന് ഈ ഭൂമി രക്ഷപ്പെടാന്‍ ‘എന്നും ഇന്ദിര കമന്റ് ചെയ്യുകയായിരുന്നു.